ബ്രസീല്‍ ലോകകപ്പിന് ജര്‍മന്‍ ടീം കളത്തിലിറങ്ങുന്നതിന് മുമ്പ് കോച്ച് ജോക്കിം ല്യൂ ലോകത്തോട് പറഞ്ഞു ടീം ഒരു രഹസ്യായുധം കരുതിവെച്ചിട്ടുണ്ടെന്ന്. അവസാനം കപ്പ് നേടിയപ്പോളാണ് രഹസ്യായുധം വെളിച്ചത്തായത്. ഭാര്യമാരുടെയും കാമുകിമാരുടെയും സാന്നിധ്യമാണ് ജര്‍മനിയുടെ ലോകകപ്പ് ഫുട്‌ബോള്‍ നേട്ടത്തിന് പിന്നിലെന്ന്.
ജര്‍മന്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യഥേഷ്ടം പ്രവേശന മനുവദിക്കുന്നതില്‍ കോച്ച് ജോക്കിം ല്യൂ യാതൊരു വിലക്കുമേര്‍പ്പെടുത്തിയിരുന്നില്ല. അവര്‍ക്ക് കളിക്കാരുമൊത്ത് താമസിക്കുന്നതിനും ശാരീരിക ബന്ധം നടത്തുന്നതിനും കോച്ച് വിലക്ക് കല്‍പ്പിച്ചിട്ടില്ലായിരുന്നു. മൈതാനത്തും ഭാര്യമാരുടെയും കാമുകിമാരുടെയും സ്ഥിരം സാന്നിധ്യമുണ്ടായി.
കളിക്കാര്‍ക്കായി അവര്‍ പ്രോത്സാഹനം നല്‍കിയതും അവരുടെ സാന്നിധ്യവും കളിക്കളത്തില്‍ അവര്‍ക്ക് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്ന് താരങ്ങള്‍ തന്നെ വെളിപ്പെടുത്തി. മരിയോ ഗോട്‌സെ, സമി കെദ്രിയ, ബാസ്റ്റിന്‍ ഷെയ്ന്‍സ്റ്റീഗര്‍, ആന്ദ്രേ ഷൂറില്‍ തുടങ്ങി ഒരോ താരത്തേയും മുന്നോട്ടുനയിച്ചത് അവരുടെ പ്രിയപ്പെട്ടവരുടെ സ്‌നേഹ വാത്സല്യങ്ങളായിരുന്നെന്നത് ഫൈനലിലെ വിജയഗോള്‍ നേടിയ മരിയോ ഗോട്‌സെയുടെ വാക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്.
'ഞാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാരിക്കും ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. അവരെന്നെ വിശ്വസിക്കുകയും ചെയ്തു. ലോകകപ്പ് നേട്ടത്തിലൂടെ എനിക്കത് തിരിച്ചു നല്‍കാനായി' - ഗോട്‌സെ മത്സരശേഷം നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മറ്റു ടീമുകളായ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ കാമുകിമാരുടെ സാന്നിധ്യം വിലക്കിയിരുന്നു.