സീസണിലെ ആദ്യ എല്‍-ക്ലാസിക്കോയില്‍ സമനില; പരാതിപ്പെടാന്‍ വകയില്ലാതെ ഇരു ടീമുകളും

ഞായര്‍, 4 ഡിസം‌ബര്‍ 2016 (14:58 IST)
ഇരുടീമുകളും ആത്മാര്‍ത്ഥമായി കളം നിറഞ്ഞ, സീസണിലെ ആദ്യ എല്‍-ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡും എഫ് സി ബാഴ്സലോണയും സമനിലയില്‍. അവസാനനിമിഷം വരെ ആവേശം അലയടിച്ച മത്സരത്തില്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ ഗാലറിയിലുള്ളവര്‍ക്ക് പോലും ഒന്നും പറയാന്‍ കഴിഞ്ഞില്ല. 90 ആം മിനിറ്റില്‍ റയല്‍ മാഡ്രിഡ് സമനില പിടിച്ചതോടെ മത്സരം ശുഭപര്യവസായിയായി.
 
ബാഴ്സയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍, 55 ആം മിനിറ്റില്‍ ലൂയി സുവാരസ് ആണ് ബാഴ്സയ്ക്ക് മുന്‍തൂക്കം നല്കി ഗോള്‍ നേടിയത്. പിന്നെയങ്ങോട്ട് ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന മിനിറ്റില്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് ഹെഡര്‍ ഗോളിന്റെ ബലത്തില്‍ റയല്‍ ആശ്വാസ സമനില കണ്ടെത്തുകയായിരുന്നു.  സ്കോര്‍ 1-1.
 
കളിയുടെ ആരംഭം മുതല്‍ ബാഴ്സയ്ക്ക് ആയിരുന്നു ആധിപത്യമെങ്കിലും റയലിനും നിറയെ അവസരങ്ങള്‍ കൈവന്നു. അവസരങ്ങള്‍ നിരവധി തവണ ഉണ്ടായെങ്കിലും ഒന്നാംപകുതി ഗോളൊന്നും നേടാതെ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ സുവാരസിലൂടെ ബാഴ്സ ലീഡ് നേടി. എന്നാല്‍, 90ആം മിനിറ്റില്‍ റയല്‍ അത് മറികടന്നതോടെ മത്സരം സമനിലയിലായി.
 
14 മത്സരങ്ങളില്‍ 34 പോയന്‍റുമായി റയല്‍ തന്നെയാണ് ഒന്നാമത്. 28 പോയന്‍റുള്ള ബാഴ്സ രണ്ടാം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക