മലയളികള്‍ക്ക് അഭിമാനമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മലയാളിയായ ഒപി ജെയ്ഷ വെങ്കലം നേടി. 1500 മീറ്റര്‍ ഓട്ടത്തിലാണ് ജെയ്ഷ മെഡല്‍ നേടിയത്. ഏഷ്യാഡില്‍ ജെയ്ഷയുടെ രണ്ടാം മെഡലാണിത്. 2006-ല്‍ ദോഹയിലായിരുന്നു ജെയ്ഷയുടെ ആദ്യ മെഡല്‍നേട്ടം. ഇന്നത്തെ മത്സരത്തില്‍ ശക്തമായ മുന്നേറ്റമാണ് ജെയ്ഷ കാഴ്ചവച്ചത്. ആദ്യ രണ്ടുലാപ്പിലും ജെയ്ഷ തന്നെയായിരുന്നു മുന്നില്‍. മൂന്നാമത്തേ ലാപ്പുമുതലാണ് ജെയ്ഷ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
1500 മീറ്ററില്‍ കേരളത്തിന്റെ തന്നെ സിനിമോള്‍ മാര്‍ക്കോസ് അഞ്ചാമതായി ഫിനിഷ് ചെയ്തു. അതേ സമയം ഏഷ്യന്‍ ഗെയിംസ് ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. പുരുഷന്മാരുടെ ഡബള്‍സില്‍ സനം സിങ്-സാകേത് സായി സഖ്യമാണ് വെള്ളി നേടിയത്. ഈയിനത്തില്‍ യൂക്കി ഭാംബ്രിയും ദിവിജ് ശ്രാവണും അടങ്ങുന്ന ഡബിള്‍സ് ടീമിനാണ് വെങ്കലം.
കൂടാതെ ഗുസ്തിയില്‍ ബജരംഗ് വെള്ളി നേടിയിട്ടുണ്ട്. 61 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലായിരുന്നു ബജരംഗിന്റെ മെഡല്‍ നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ 26 വെങ്കലവും നാലു സ്വര്‍ണ്ണവും അഞ്ച് വെള്ളിയുമടക്കം 35 മെഡലുകളാണുള്ളത്. മെഡല്‍ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.