മൂന്ന് കായികതാരങ്ങൾക്ക് കൂടി കൊവിഡ്, ഒളിമ്പിക്‌സിൽ ആശങ്ക കനക്കുന്നു

ഞായര്‍, 18 ജൂലൈ 2021 (10:55 IST)
ഒളിമ്പിക്‌സിൽ ആശങ്കയേറ്റി മൂന്ന് കായികതാരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ വിദേശത്ത് നിന്ന് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് കായിക താരങ്ങള്‍ കൂടി കോവിഡ് പോസിറ്റീവ് ആയി.
ഇതിൽ രണ്ട് പേർ ഒളിമ്പിക്‌സ് വില്ലേജിലും മറ്റൊരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്.
 
ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട 10 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 55 ആയി ഉയര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സംഘാടകരും ഉൾപ്പെടുന്നതാണ് ഈ ലിസ്റ്റ്. അതേസമയം കോവിഡ് പ്രതിരോധനത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാണെന്നും സംഘാടകർ വ്യക്തമാക്കി.
 
നേരത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ടോക്യോവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാണികളെ പങ്കെടുപ്പിക്കാതെയാണ് ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരങ്ങൾ നടത്തുന്നത്. ഒളിമ്പിക്‌സിനായി 228 അംഗ ഇന്ത്യന്‍ സംഘത്തിലെ ആദ്യ സംഘം ശനിയാഴ്ച്ച ടോക്യോയില്‍ എത്തിയിരുന്നു. രണ്ട് ഹോക്കി ടീമുകള്‍, അമ്പെയ്ത്ത് ടീം, ടേബിള്‍ ടെന്നീസ് താരങ്ങള്‍, നീന്തൽ താരങ്ങൾ ഉൾപ്പടെ 90 അംഗസംഘമാണ് ടോക്യോ‌യിൽ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍