ലണ്ടന്‍ ഒളിമ്പിക്സിന്റെ സംഘാടനത്തില്‍ ഉണ്ടായ ഗുരുതരമായ പിഴവിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. വനിതാ വിഭാഗം ഫുട്ബോള്‍ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തില്‍ ദേശീയ പതാക മാറ്റി പ്രദര്‍ശിപ്പിച്ചതാണ് താരങ്ങള്‍ പ്രകോപിപ്പിച്ചത്. ബദ്ധവൈരികളായ ദക്ഷിണ കൊറിയയുടെ പതാകയായിരുന്നു ഉത്തരകൊറിയന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചത്.
ഉത്തരകൊറിയ- കൊളമ്പിയ മത്സരത്തിനിടെയായിരുന്നു സംഭവം. സ്ക്രീനില്‍ തെളിഞ്ഞത് തങ്ങളുടെ പതാകയല്ലെന്ന് കണ്ടതോടെ താരങ്ങള്‍ പ്രതിഷേധസൂചകമായി കളിക്കളം വിട്ടു. എന്നാല്‍ കൊളമ്പിയ താരങ്ങള്‍ കാര്യം മനസ്സിലായതുമില്ല.
തുടര്‍ന്ന് ഒളിമ്പിക് സംഘാടകര്‍ മാപ്പുപറഞ്ഞാണ് താരങ്ങളെ അനുനയിപ്പിച്ചത്. കളിക്കളത്തിലേക്ക് തിരിച്ചെത്തണമെങ്കില്‍ ദേശീയ പതാകയും താരങ്ങളുടെ ചിത്രങ്ങളും വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങാനായത്. ഉത്തര കൊറിയ കളം നിറഞ്ഞ് കളിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കൊളംബിയയെ പരാജയപ്പെടുത്തുകയും ചെയ്തു.