സുബ്രതോ കപ്പില്‍ കേരളത്തിന് തോല്‍വി. ബ്രസീല്‍ കപ്പ് സ്വന്തമാക്കി. സഡന്‍ ഡെത്തിലാണ് കേരളത്തിന്‍റെ കുട്ടികളെ ബ്രസീലിന്‍റെ റിയോ സെന്‍റ് അന്‍റോണിയോ സ്കൂള്‍ പരാജയപ്പെടുത്തിയത്.
ആദ്യം മുതല്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് വേണ്ടി എം എസ് പി സ്കൂളിലെ കുട്ടികള്‍ കാഴ്ചവച്ചത്. ഒരു ഘട്ടത്തില്‍ 2-1ന് മുന്നിലായിരുന്നു കേരളം. പിന്നീട് ബ്രസീല്‍ ഗോള്‍ മടക്കിയതോടെ ഷൂട്ടൌട്ടിലേക്ക് കളി നീണ്ടു.
ഷൂട്ടൌട്ടില്‍ 4-4 എന്ന നിലയിലെത്തിയതോടെ സഡന്‍ ഡെത്തിലേക്ക് കളി എത്തി. സഡന്‍ ഡെത്തിലൂടെ ബ്രസീല്‍ കപ്പുയര്‍ത്തുകയും ചെയ്തു.
തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് സുബ്രതോ കപ്പ് ഫൈനലില്‍ കേരളമെത്തുന്നതും കപ്പില്‍ മുത്തമിടാനാകാതെ മടങ്ങുന്നതും.
പരാജയപ്പെട്ടെങ്കിലും, ബ്രസീലിനെതിരെ ഒന്നാന്തരം പ്രകടനം നടത്തിയാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതെന്ന ആശ്വാസം കേരളത്തിനുണ്ട്. മാത്രമല്ല, വരും നാളുകളില്‍ ഫൈനലിലെ ഗംഭീര കളി ആത്മവിശ്വാസത്തിന്‍റെ തോതുയര്‍ത്താന്‍ കേരള ടീമിനെ സഹായിക്കും എന്നും പ്രതീക്ഷിക്കാം.