സിന്‍സിനാറ്റിയില്‍ നടത്തിയ പ്രകടനം തുടരുകയാണ് ഇന്ത്യന്‍ താരം സാനിയാ മിര്‍സ. സ്റ്റാന്‍ഫോര്‍ഡില്‍ നടക്കുന്ന ബാങ്ക് ഓഫ് വെസ്റ്റ് ക്ലാസ്സിക്ക് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ആദ്യ എട്ടില്‍ കടക്കാന്‍ ഹൈദ്രാബാദ് സുന്ദരിക്കു കഴിഞ്ഞു.
ലോകത്ത് മുപ്പത്തഞ്ചാം റാങ്കുകാരിയായ സാനിയ പത്തൊമ്പതാം സ്ഥാനത്തു നില്‍ക്കുന്ന തത്യാന ഗോളോവിനെ രണ്ടാം റൌണ്ടില്‍ മടക്കിയാണ് ക്വാര്‍ട്ടര്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഒരു മണിക്കൂറും പത്തു മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ ഫ്രഞ്ചു താരത്തിനെ 6-4, 6-1 എന്ന സ്‌കോറിനു നിസ്സാരമായിട്ടാണ് സാനിയാ കീഴടക്കിയത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ പാറ്റി ഷ്നൈഡറാണ് ഇന്ത്യന്‍ സുന്ദരിയുടെ അടുത്ത എതിരാളി. റഷ്യയുടെ യാരോസ്ലാവ ഷ്വേഡോവയെ 7-5, 6-2 നു പരാജയപ്പെടുത്തിയാണ് ഷ്ണൈഡര്‍ ക്വാര്‍ട്ടറില്‍ കടന്നത്. എന്നാല്‍ സാനിയയുടെ ഡബിള്‍സ് കൂട്ടുകാരി ഇസ്രായേലിന്‍റെ ഷഹര്‍ പീറിനു ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിഞ്ഞില്ല.
ബലാരസ്സിന്‍റെ ഓള്‍ഗാ ഗോവോട്‌സോവയോട് 4-6, 7-5, 6-2 നു ഷ്നൈഡര്‍ പരാജയം രുചിച്ചു. സിന്‍ സിനാറ്റിയില്‍ കിരീടം നേടിയ സാനിയാ ഷഹര്‍പീര്‍ സഖ്യം ഇവിടെയും ഡബിള്‍സില്‍ മത്സരിക്കുന്നുണ്ട്. സിന്‍സിനാറ്റിയില്‍ സാനിയയുടെ കുതിപ്പ് സെമി വരെ എത്തിയിരുന്നു.