സന്തോഷ് ട്രോഫി: കേരളം പ്രീക്വാര്‍ട്ടറില്‍

ചൊവ്വ, 27 ജൂലൈ 2010 (08:35 IST)
സന്തോഷ് ട്രോഫി ക്ലസ്റ്റര്‍ ഏഴില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. നിര്‍ണായക മല്‍സരത്തില്‍ മികച്ച കളി പുറത്തെടുത്ത കേരളം അസമിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കീഴടക്കിയത്. ഒ കെ ജാവേദ്, ജസ്റ്റിന്‍ സ്റ്റീഫന്‍, എം പി സക്കീര്‍, ബിജേഷ് ബെന്‍, കെ പി സുബൈര്‍ എന്നിവരുടെ ഗോളുകളാണ് കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. അസമിന് വേണ്ടി അകും ആവോയും ജിതേന്ദ്ര ബ്രഹ്മയും ഗോള്‍ നേടി‍.

ക്ലസ്റ്റര്‍ എട്ടില്‍ ഗോള്‍ ശരാശരിയിലൂടെ മുന്നിലെത്തിയ മിസോറമാണ് ബുധനാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍. സാള്‍ട്‌ലേക്കിലെ യുവഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ കേരളം പോരാടി നേടിയ ജയമാണിത്. ഹിമാചല്‍ പ്രദേശിനെ പത്തു ഗോളിന് കീഴടക്കിയ ടീം തന്നെയാണ് അസമിനെതിരെയും കളിക്കനിറങ്ങിയത്.

കളിയുടെ ആദ്യ പകുതിയില്‍ തന്നെ കേരളം ഗോളടി തുടങ്ങിയിരുന്നു. പത്തൊമ്പതാം മിനുറ്റില്‍ ജാവേദാണ് ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് മൂന്ന് മിനുറ്റിന് ശേഷം അകും അവോയിലൂടെ അസം ഗോള്‍ മടക്കി. ആദ്യ പകുതി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കേ ജസ്റ്റിന്റെ ഗോളിലൂറെ കേരളം വീണ്ടും മുന്നിലെത്തുകയായിരുന്നു.

പിന്നീട് രണ്ടാം പകുതിയില്‍ മൈതാനം കേരളത്തിന്റെ കീഴിലായി. അറുപത്തിയൊമ്പതാം മിനുറ്റില്‍ സക്കീര്‍ ഗോള്‍ നേടി3-1‍. എന്‍‌പത്തിയൊന്നാം മിനുറ്റില്‍ ബിജേഷ് ബെന്ന് നേടിയ ഗോളിലൂടെ കേരളം 4-1ന് മുന്നിലെത്തി. എന്‍‌പത്തിയാറാം മിനുറ്റില്‍ ജിലേന്ദ്ര ബ്രഹ്മ അസമിന്റെ രണ്ടാംഗോള്‍ നേടി.

ഇന്‍ജുറി ടൈമില്‍ സുബൈറിന്റെ മനോഹര ഗോളോടെ കേരളം പട്ടിക പൂര്‍ത്തിയാക്കി പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കി മൈതാനം വിട്ടു.

വെബ്ദുനിയ വായിക്കുക