വീണ്ടും മാരക്കാനയില്‍ ചരിത്രം പന്തുതട്ടും

തിങ്കള്‍, 29 ഏപ്രില്‍ 2013 (17:02 IST)
PRO
ബ്രസീലിന്റെ പ്രശസ്ത ഫുട്ബോള്‍ സ്റ്റേഡിയമായ മാരക്കാന നവീകരണത്തിനു ശേഷം ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വീണ്ടും തുറന്നു. സ്റ്റേഡിയത്തിന്റെ നവീകരണം മൂന്നുവര്‍ഷത്തോളമായി നടക്കുകയായിരുന്നു.

2014 ഫുട്ബോള്‍ ലോകകപ്പിന്റെയും 2016 ഒളിമ്പിക്സിന്റെയും ഉദ്ഘാടനവേദിയാണ് മാരക്കാന. ലോകകപ്പിന്റെ ഫൈനലും ഇവിടെവച്ചാണ്.

സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് കൊഴുപ്പേകിയത് ബ്രസീല്‍ മുന്‍ താരങ്ങള്‍ തമ്മിലുള്ള പ്രദര്‍ശന മത്സരമായിരുന്നു. മുന്‍ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോ നയിക്കുന്ന ടീമും ബെബറ്റോവിന്റെ ടീമും തമ്മിലായിരുന്നു മത്സരം.

ആകെ 13 ഗോളുകള്‍ പിറന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ടീം ബെബറ്റോയുടെ ടീമിനെ 8-5ന് തോല്‍പ്പിച്ചു. റൊണാള്‍ഡോ ഒരുഗോള്‍ നേടി. 30000ഓളം കാണികള്‍ക്ക് മുന്നിലായിരുന്നു മത്സരം.

വിമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഒടുവിലാണ് സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പണി തീര്‍ത്തുനല്‍കാനായിരുന്നു ഫിഫ സംഘാടകരോട് ആവശ്യപ്പെട്ടത്.

ഈ വര്‍ഷത്തെ കോണ്‍ഫെഡറഷേന്‍ ഫുട്ബോളും സ്റ്റേഡിയത്തില്‍ നടക്കേണ്ടതുണ്ട്. ജൂണില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഉള്‍പ്പെടെ മൂന്നുമത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടക്കും

ഇതിഹാസ താരം പെലെ ആയിരാമത്തെ ഗോള്‍ നേടിയതും മാരക്കാനയില്‍വച്ചാണ്. പുതുക്കിപ്പണിത സ്റ്റേഡിയത്തില്‍ 78838 പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ട്.

വെബ്ദുനിയ വായിക്കുക