മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഡേവിഡ് ബെക്കാമിന്‍റെ പിന്‍ഗാമിയായിരുന്ന ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഇപ്പോള്‍ വരുമാനത്തിന്‍റെ കാര്യത്തിലും അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് റോണോയെന്ന് ഫോര്‍ബ്സിന്‍റെ കണക്കെടുപ്പ്. ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്ബോള്‍ താരം ബെക്കാം തന്നെയാണെങ്കിലും റോണോ അദ്ദേഹത്തിന്‍റെ തൊട്ടു പുറകിലുണ്ടെന്ന് ഫോര്‍ബ്സിന്‍റെ പുതിയ കണക്കുകള്‍ പറയുന്നു.
2009 ല്‍ 40 മില്യണ്‍ ഡോളറാണ് ബെക്കാം പരസ്യവരുമാനത്തിലൂടെ സ്വന്തമാക്കിയത്. 30 മില്യണ്‍ ഡോളറാണ് 2009ല്‍ റോണോ പരസ്യങ്ങളിലൂടെ സമ്പാദിച്ചത്. പരുക്കിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ 35കാരനായ ബെക്കാമിനെ 25കാരനായ റോണോ പിന്തള്ളുന്ന കാലം അധികം വിദൂരമല്ലെന്നും ഫോര്‍ബ്സ് പറയുന്നു.
25 മില്യണ്‍ ഡോളര്‍ വരുമാനമുള്ള ബ്രസീല്‍ താരങ്ങളായ കക്കയും റൊണാള്‍ഡീഞ്ഞോയുമായാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഫ്രാന്‍സ് താരം തിയറി ഹെന്‍റി ( 24 മില്യണ്‍ ഡോളര്‍), അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി (20 മില്യണ്‍ ഡോളര്‍), ഇംഗ്ലീഷ് താരങ്ങളായ ഫ്രാങ്ക് ലംപാര്‍ഡ് (17 മില്യണ്‍ ഡോളര്‍), ജോണ്‍ ടെറി (16 മില്യണ്‍ ഡോളര്‍), സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രഹ്മോവിച്ച്, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവരും ആദ്യ പത്തിലുണ്ട്.