ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ റെക്കോഡ് പ്രതിഫലത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി അര്‍ഹനായി. 724 കോടിക്കാണ് 28കാരനായ റൂണി കരാര്‍ നാലരവര്‍ഷത്തേയ്ക്ക് പുതുക്കിയത്.
ആഴ്ചയില്‍ 3 ലക്ഷം പൗണ്ട്(3.1 കോടിരൂപ) നിരക്കിലാണ് ശമ്പളം.നിലവില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. കഴിഞ്ഞ ട്രാന്‍ഫര്‍ വിന്‍ഡോയ്ക്കിടെ കോച്ച് ഡേവിഡ് മോയെയുമായി ഉടക്കിയ റൂണി ചെല്‍സിയിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചെല്‍സി കോച്ച് ഹോസെ മൗറീന്യോ രണ്ടുവട്ടം വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരുന്നെങ്കിലും റൂണി മാഞ്ചസ്റ്റര്‍ വിടാന്‍ തയ്യാറായില്ല. റൂണിയുടെ ക്ലബ്ബ് മാറ്റം തടയുക എന്ന ലക്ഷ്യവും പുതിയ കരാറിന് പിന്നിലുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതായും കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്നുമാണ് മാഞ്ചസ്റ്റര്‍ അധികൃതരുടെ പ്രതികരണം.