യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ്: റയല്‍ ക്വാര്‍ട്ടറില്‍

Webdunia
വെള്ളി, 18 മാര്‍ച്ച് 2011 (10:29 IST)
റയല്‍ മാഡ്രിഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ലിയോണിനെ പരാജയപ്പെടുത്തിയാണ് റയല്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ലിയോണിനെ പരാജയപ്പെടുത്തിയത്.

ഏഴാം മിനിറ്റില്‍ ബ്രസീല്‍ ലെഫ്റ്റ്ബാക്ക് മാര്‍സലോയാണ് റയലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മുന്‍ ലിയോണ്‍ താരം കരീം ബെന്‍സമയും (66) ആഞ്ചല്‍ ഡി മരിയയും (76) റയലിന് വേണ്ടി ഓരോ ഗോള്‍ നേടി. ഒമ്പതുവട്ടം ജേതാക്കളായ റയല്‍ ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ക്വാര്‍ട്ടറിലെത്തുന്നത്.

ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പിന്നാലെ ചെല്‍സിയും ക്വാര്‍ട്ടറിലെത്തി. എഫ് സി കോപ്പന്‍ഹേഗനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ചെല്‍‌സി ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിലായിരുന്നതാണ് ചെല്‍സിക്ക് ഗുണകരമായത്.