ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ വിക്ടറി സ്റ്റാന്‍ഡില്‍ ഇക്കുറിയും ഇന്ത്യന്‍ സാന്നിധ്യം. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്സും സിംബാബ്‌വെയുടെ കാര ബ്ലാക്കും വിജയിച്ചതോടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണിലെ മിക്സഡ് ഡബിള്‍സ് കിരീടം ഇക്കുറിയും ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം ഭൂപതിയും സാനിയയുമായിരുന്നു മിക്സഡ് ഡബിള്‍സ് കിരീടം നേടിയത്. റഷ്യയുടെ എകാറ്റെരീന മകരോവ ചെക് താരം ജറോസ്ലാവ് ലെവിന്‍സ്കി സഖ്യത്തെയാണ് പെയ്സ്-കാര ജോഡി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (7-5, 6-3) വിജയം.
പെയ്സ്-കാര സഖ്യത്തിന്‍റെ രണ്ടം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2008 യുഎസ് ഓപ്പണിലും ഈ സഖ്യം കിരീടമണിഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസങ്ങളായി മികച്ച മുന്നേറ്റമാണ് ഇവര്‍ നടത്തുന്നത്. കഴിഞ്ഞ വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും കലാശക്കളിയില്‍ എത്തിയെങ്കിലും കിരീടമണിയാനായിരുന്നില്ല.
ഈ വിജയത്തോടെ പെയ്സിന്‍റെ ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണം പതിനൊന്നായി. ആറെണ്ണം പുരുഷ വിഭാഗം ഡബിള്‍സിലും അഞ്ചെണ്ണം മിക്സഡ് ഡബിള്‍സിലുമാണ്. ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണത്തില്‍ മഹേഷ് ഭൂപതിക്ക് ഒപ്പമെത്താനായെന്നതും മറ്റൊരു നേട്ടമാണ്.