ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ലക്‍ഷ്യം വെക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിടേണ്ടി വന്നത് റെക്കോര്‍ഡ് നഷ്ടം. 2009 മെയ് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 92.6 മില്യണ്‍ പൌണ്ട് ആണ് സിറ്റിയുടെ നഷ്ടം. സിറ്റിയുടെ വെബ്സൈറ്റില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇമ്മാനുവല്‍ അഡെബയോര്‍, കോളൊ ടൂറെ, കാര്‍ളോസ് ടെവസ്, റോസ് സാന്‍റാക്രൂസ്, ജോലിയോണ്‍ ലെസ്കോട്ട് എന്നിവരെ സ്വന്തമാക്കാനായി ചെലവഴിച്ച 117 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടുത്താതെയാണ് ഈ നഷ്ടക്കണക്ക്.
2008 സെപ്റ്റംബറില്‍ ക്ലബ്ബിന്‍റെ പുതിയ ഉടമസ്ഥനായി അബുദാബി വ്യവസായി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ചുമതലയേറ്റെടുത്തതിനുശേഷം പുറത്തുവിടുന്ന ആദ്യ കണക്കുകളാണിത്. ഇക്കാലയളവില്‍ ക്ലബ്ബിന്‍റെ വരുമാനം അറു ശതമാനം ഉയര്‍ന്ന് 87 മില്യണ്‍ പൌണ്ട് ആയി. ക്ലബ്ബിന്‍റെ മത്സരം കാണാനെത്തുന്നവരുടെ ശരാശരി എണ്ണം 42,081ല്‍ നിന്ന് 42,890 ആയി ഉയര്‍ന്നു. ടിവി സംപ്രേക്ഷണത്തില്‍ നിന്നുള്ള വരുമാനം 12 ശതമാനം ഉയര്‍ന്ന് 48.3 മില്യണ്‍ പൌണ്ട് ആയി.
ഈ നേട്ടങ്ങള്‍ക്കൊപ്പം കളിക്കാരുടെ ശമ്പളവും ഉയര്‍ന്നതാണ് സിറ്റിയ്ക്ക് തിരിച്ചടിയായത്. കളിക്കാരുടെ ശരാശരി ശമ്പളം 25.4 മില്യണ്‍ പൌണ്ടില്‍ നിന്ന് 39.4 മില്യണ്‍ പൌണ്ടായാണ് ഉയര്‍ന്നത്. ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ച് ചെയ്തതു പോലെ സിറ്റിയുടെ 304.9 മില്യണ്‍ പൌണ്ട് കടങ്ങള്‍ ഓഹരികളാക്കി മാറ്റാന്‍ ഷെയ്ഖ് മന്‍സൂര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സിറ്റിയുടെ ചിഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗ്രഹാം വാലസ് പറഞ്ഞു.