ബാഡ്മിന്‍റണില്‍ ചരിത്രനേട്ടം, സിന്ധു മെഡലുറപ്പിച്ചു

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (21:43 IST)
ഒളിമ്പിക് വേദിയില്‍ ഇന്ത്യന്‍ നിരാശ തുടച്ചുനീക്കിക്കൊണ്ട് വീണ്ടും പെണ്‍‌കരുത്ത്. ബാഡ്‌മിന്‍റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു മെഡലുറപ്പിച്ചു. ജപ്പാന്‍ താരം നോസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെള്ളി മെഡല്‍ ഉറപ്പിച്ചത്.
 
സ്കോര്‍: 21-19
           21-10
 
ഒളിമ്പിക് ബാഡ്മിന്‍റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. വളരെ അനായാസമായിരുന്നു സിന്ധുവിന്‍റെ കളി. രണ്ടുസെറ്റുകളും ആധികാരികമായാണ് സ്വന്തമാക്കിയത്. ലോക മൂന്നാം നമ്പര്‍ താരത്തിനെതിരെ 11 പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് രണ്ടാം ഗെയിം സ്വന്തമാക്കിയത് എന്നതുതന്നെ സിന്ധുവിന്‍റെ വിജയത്തിന്‍റെ മാറ്റുകൂട്ടുന്നു. 
 
ലോംഗ് റാലികളും ഫോര്‍ ഹാന്‍ഡ് ഷോട്ടുകളും നിറച്ചുകളിച്ചാണ് സിന്ധു മിന്നുന്ന വിജയം നേടിയത്. ഒളിമ്പിക്സിന്‍റെ തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ച പലരും പ്രതീക്ഷകള്‍ തെറ്റിച്ചു. അപ്പോഴാണ് ഒളിമ്പിക്സ് അവസാനത്തോടടുക്കുമ്പോള്‍ ഗുസ്തിയില്‍ സാക്ഷി ചരിത്രം രചിച്ചത്.
 
സാക്ഷിയുടെ മെഡല്‍ പ്രചോദനമായെന്ന് കരുതാം, വര്‍ദ്ധിച്ച ശൌര്യത്തോടെയാണ് പി വി സിന്ധു ഇന്ന് മത്സരിച്ചത്. ഉന്നതമായ സ്റ്റാന്‍ഡേര്‍ഡുള്ള ജപ്പാന്‍ താരത്തോട് ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ രണ്ടാം ഗെയിം ഏകപക്ഷീയമായി സിന്ധു പിടിച്ചെടുക്കുകയായിരുന്നു.
Next Article