ദേശീയ സ്കൂള്‍ കായികമേള; ആദ്യസ്വര്‍ണവും വെള്ളിയും കേരളത്തിന്

തിങ്കള്‍, 19 ജനുവരി 2015 (10:28 IST)
ദേശീയ സ്കൂള്‍ കായികമേള റാഞ്ചിയില്‍ തുടങ്ങി. ആദ്യദിനത്തില്‍ തന്നെ സ്വര്‍ണവും വെള്ളിയും നേടി കേരളം കുതിപ്പു തുടങ്ങി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് കേരളം സ്വര്‍ണ്ണവും വെള്ളിയും നേടിയത്.
 
എറണാകുളം തേവര എച്ച് എസ് എസിലെ പി ആര്‍ അലീഷ സ്വര്‍ണ്ണം നേടിയപ്പോള്‍ പറളി സ്കൂളില്‍ നിന്നുള്ള എം വി വര്‍ഷയാണ് വെള്ളി നേടിയത്. സംസ്ഥാന സ്കൂള കായികമേളയില്‍ വര്‍ഷയ്ക്ക് സ്വര്‍ണവും അലീഷയ്ക്ക് വെള്ളിയുമായിരുന്നു.
വെള്ളി സ്വര്‍ണമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം അലീഷ മാധ്യമങ്ങളോട് പറഞ്ഞു.
 
ജൂനിയര്‍ പെണ്‍കുട്ടികളുടെയും ജൂനിയര്‍ ആണ്‍കുട്ടികളുടെയും 3000 മീറ്റര്‍ ഓട്ടം, സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്പുട്ട്, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപ് എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങള്‍ . 
 
സീനിയര്‍ വിഭാഗത്തില്‍ 27 പെണ്‍കുട്ടികളും 25 ആണ്‍കുട്ടികളുമാണ് കേരളത്തിനു വേണ്ടി മത്സരിക്കുന്നത്. ജൂനിയര്‍ വിഭാഗത്തില്‍ 23 പെണ്‍കുട്ടികളും 18 ആണ്‍കുട്ടികളും സബ്ജൂനിയറില്‍ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും മത്സരിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക