സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസിന്‍റെ മിന്നും പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്ലാക്ക് ബേണ്‍ റോവേഴ്സിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ടെവസിന്‍റെ ഹാട്രിക്കാണ് റോവേഴ്സിന്‍റെ വലയില്‍ ഗോള്‍മഴയായത്.
ഏഴാം മിനുട്ടില്‍ തന്നെ ടെവസ് സിറ്റിയെ മുന്നിലെത്തിച്ചിരുന്നു. മുപ്പത്തിയൊമ്പതാം മിനുട്ടില്‍ റിച്ചാര്‍ഡ്സ് നേടിയ രണ്ടാം ഗോളോടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച സിറ്റി സന്ദര്‍ശകരെ ആദ്യപകുതിയില്‍ അക്കൌണ്ട് തുറക്കാന്‍ അനുവദിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ (നാല്‍പത്തിയൊമ്പതാം മിനുട്ട്) ടെവസ് വീണ്ടും റോവേഴ്സിന്‍റെ വല കുലുക്കി. എഴുപത്തിയൊന്നാം മിനുട്ടിലാണ് റോവേഴ്സിന് ആശ്വാസഗോള്‍ നേടാനായത്. പെഡേഴ്സണ്‍ ആണ് ശൂന്യമായ സ്കോര്‍ബോര്‍ഡിന്‍റെ നാണക്കേടില്‍ നിന്നും റോവേഴ്സിനെ രക്ഷിച്ചത്. തുടര്‍ന്ന് അവസാന നിമിഷത്തില്‍ (തൊണ്ണൂറാം മിനുട്ട്) ടെവസ് വീണ്ടും സിറ്റിയുടെ ആധിപത്യം ഉയര്‍ത്തുകയായിരുന്നു.
സിറ്റിക്ക് വേണ്ടി ആദ്യമായാണ് ടെവസ് ഹാട്രിക് നേടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കുപ്പായത്തില്‍ പതിമൂന്ന് മാസങ്ങള്‍ക്കു മുമ്പ് റോവേഴ്സിനെതിരെ നാലുഗോള്‍ നേടിയ പ്രകടനത്തിന് ശേഷം ആദ്യമായാണ് ടെവസ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്.
ഈ വിജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ സിറ്റി (38 പോയിന്‍റ്) നാലാം സ്ഥാനത്ത് എത്തി. ടെവസിനെ സ്വന്തമാക്കാന്‍ രണ്ട് വര്‍ഷം മുമ്പുതന്നെ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് മാച്ചിനു ശേഷം സിറ്റിയുടെ മാനേജര്‍ റോബെര്‍ട്ടോ മന്‍സിനി പറഞ്ഞു. ഇറ്റലിയില്‍ ഇന്‍റര്‍ മിലാന്‍റെ പരിശീലകനായിരുന്നപ്പോള്‍ തന്നെ ടെവസിന്‍റെ പ്രകടനം താന്‍ ടിവിയിലൂടെ കാണാറുണ്ടായിരുന്നെന്നും വിലയിരുത്താറുണ്ടായിരുന്നെന്നും മന്‍സിനി പറഞ്ഞു.