ഗെയിംസ് കരാറില്‍ അഴിമതി: സിബിഐ അന്വേഷിക്കണമെന്ന്

വെള്ളി, 30 ജൂലൈ 2010 (18:15 IST)
PRO
കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട കോടികളുടെ കരാറില്‍ ക്രമക്കേട്‌ നടത്തിയ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനി(എംസിഡി)ലെ ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്ത്‌ അന്വേഷണം തുടങ്ങാന്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ വഴിയോര വിളക്കുകള്‍ നവീകരിക്കാനുള്ള കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതി നടുന്നുവെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്താനാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്റെ കത്ത്‌ സിബിഐയ്ക്ക്‌ കൈമാറി. മുനിസിപ്പല്‍ കോര്‍പറേഷനിലെ എതൊക്കെ ഉദ്യോഗസ്ഥരാണ് അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. വഴിവിളക്കുകള്‍ നവീകരിക്കാനായി ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാറെടുത്ത കരാറുകാരന്‌ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ക്വാട്ട് ചെയ്ത തുകയില്‍ മാറ്റം വരുത്തിയെന്നാണ്‌ ആരോപണം.

ഇതിലൂടെ കരാറുകാരന്‍ ഏകദേശം 20 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയെന്ന്‌ സൂചനയുണ്ട്‌. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കേന്ദ്ര കായികവകുപ്പ്‌ മന്ത്രി എംഎസ്‌ ഗില്ലിന്‍റെയും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെയും പ്രതികരണം.

വെബ്ദുനിയ വായിക്കുക