കളിമണ്‍ കോര്‍ട്ടിലെ ടെന്നീസ് രാജാവായ റാഫേല്‍ നദാല്‍ റോമിലെ രണ്ടാം റൌണ്ടില്‍ കീഴടങ്ങി. ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ ക്ലേ കോര്‍ട്ട് മത്സരങ്ങളില്‍ 105 മത്സരങ്ങളിലായി നേരിടുന്ന രണ്ടാമത്തെ പരാജയമാണിത്. യുവാന്‍ കാര്‍ലോസ് ഫെരേരോയായിരുന്നു നദാലിനെ 7-5, 6-1 നു റോം മാസ്റ്റേഴ്‌സില്‍ തോല്‍പ്പിച്ചത്.
ക്വാര്‍ട്ടറില്‍ കാര്‍ലോസ് ഫെരേരോ സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിടും. ബ്രിട്ടീഷ് താരം ആന്‍ഡി മുറേയെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക ആദ്യ എട്ടില്‍ കളിക്കാനുള്ള യോഗ്യത സമ്പാദിച്ചത്.
റോമില്‍ തുടര്‍ച്ചയായി നാലാം കിരീടം തേടിയെത്തിയ നദാലിന് എതിരാളിയോട് ഉള്ളതിനേക്കാള്‍ കഷ്ടപ്പാട് സഹിക്കേണ്ടി വന്നത് സ്വന്തം പാദത്തിലെ പരുക്കിനോടായിരുന്നു. കളത്തില്‍ വച്ച് തന്നെ താരം പല തവണ ശുശ്രൂഷയ്‌ക്ക് വിധേയനായി. മെയ് 25 ന് തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണുള്ള പരിശീലനമായിരുന്നു റോം മാസ്റ്റേഴ്‌സ്.
കളിമണ്‍ കളത്തില്‍ 105 മത്സരങ്ങളില്‍ നദാലിന്‍റെ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ വര്‍ഷം ഹാംബര്‍ഗില്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടതായിരുന്നു ഇതിനു മുമ്പുണ്ടായ ഏക പരാജയം. റോം മാസ്റ്റേഴ്‌സില്‍ സ്പാനിഷ് ഒന്നാം നമ്പര്‍ താരത്തിന് ഉണ്ടാകുന്ന ആദ്യ പരാജയം കൂടിയാണ് ഇറ്റലിയിലേത്.
സെര്‍ബിയയുടെ ലോക മൂന്നാം നമ്പര്‍ താരം നോവാക്ക് ജോക്കോവിക്കും അടുത്ത റൌണ്ടിലേക്ക് എത്തിയിട്ടുണ്ട്. ബെല്‍ജിയത്തിന്‍റെ സ്റ്റീവ് ഡാര്‍സിസിനെ 6-4 6-0 നു പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് കൂടിയായ ജോക്കോവിക്ക് രണ്ടാം റൌണ്ടില്‍ എത്തിയത്. അര്‍ജന്‍റീനയുടെ നല്‍ബന്ധിയാനും മുന്നോട്ട് പോയി.
സ്പാനിഷ് താരം നിക്കോളാസ് അല്‍മാഗ്രോയെ 6-4 7-5 നു തോല്‍പ്പിച്ചായിരുന്നു നല്‍ബന്ധിയാന്‍ ക്വാര്‍ട്ടറില്‍ എത്തിയത്. സ്പെയിന്‍റേ അഞ്ചാം നമ്പര്‍ താരം ഫെററര്‍ ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. റെഡാക്ക് സ്റ്റെഫാനെക്കിനെ 4-6 6-2 6-1 എന്ന സ്കോറിനാണ് മറികടന്നത്.