കോപ്പയിലെ പരാജയം: അര്‍ജന്റീനയുടെ കോച്ച് സ്ഥാനമൊഴിഞ്ഞു

Webdunia
ബുധന്‍, 27 ജൂലൈ 2011 (08:57 IST)
അര്‍ജന്റീന പരിശീലകന്‍ സെര്‍ജിയൊ ബാറ്റിസ്റ്റ സ്ഥാനമൊഴിഞ്ഞു. കോപ്പ അമേരിക്കാ ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാറ്റിസ്റ്റ സ്ഥാനമൊഴിഞ്ഞത്.

ലോകചാമ്പ്യന്മാരായ സ്‌പെയിനിനെയും ബ്രസീലിനെയും പോര്‍ച്ചുഗലിനെയും സൗഹൃദ മത്സരങ്ങളില്‍, ബാറ്റിസ്റ്റയുടെ കീഴില്‍ അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, കോപ്പ വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ബാറ്റിസ്റ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു. ക്വാര്‍ട്ടറില്‍ ഉറുഗ്വായോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്.

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ പരാജയത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ മറഡോണയ്ക്ക് പകരക്കാരനായാണ് ബാറ്റിസ്റ്റ അര്‍ജന്റീനയുടെ പരിശീലകനായെത്തുന്നത്. അര്‍ജന്റീന 1986-ല്‍ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായിരുന്നു ബാറ്റിസ്റ്റ. ബാറ്റിസ്റ്റയെ പുറത്താക്കിയതല്ല അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നെന്ന് അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ വക്താവ് ഏണസ്റ്റൊ ബിയാലൊ പറഞ്ഞു.