ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഹെനിന്‍ സെമിയില്‍

ചൊവ്വ, 26 ജനുവരി 2010 (11:26 IST)
PRO
ഇടവേളയ്ക്കുശേഷം ടെന്നീ‍സ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ബെല്‍ജിയം താരം ജസ്റ്റിന്‍ ഹെനില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സെമിയിലെത്തി. പത്തൊമ്പതാം സീഡ് നദിയ പെട്രോവയെയാണ് ഏഴു തവണ ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഹെനിന്‍ നേരിട്ടുള്ള സെറ്റുകളില്‍ (7-6, 7-5) കീഴടക്കിയത്.

ചൈനീസ് താരം സിംഗ്- മരിയ കിര്‍ലിങ്കൊ മത്സരത്തിലെ വിജയിയായിരിക്കും ഹെനിന്‍റെ സെമിയിലെ എതിരാളി. തിരിച്ചുവരവിലും പഴയ ഊര്‍ജം നിലനിര്‍ത്തുക എന്നത് കഠിനമായിരുന്നുവെന്നും പെട്രോവ കടുത്ത എതിരാളിയായിരുന്നുവെന്നും ഹെനിന്‍ മത്സരശേഷം പറഞ്ഞു.

ആദ്യ സെറ്റില്‍ 4-2ന് ലീഡെടുത്ത ഹെനിനിതിരെ ശക്തമായി തിരിച്ചുവന്ന പെട്രോവ സ്കോര്‍ ഒപ്പത്തിനൊപ്പമെത്തിച്ചു. ടൈ ബ്രേക്കറിനു മുന്‍പ് 6-5 ലീഡെടുത്ത പെട്രോവ ആദ്യ സെറ്റ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ടൈ ബ്രേക്കറില്‍ ശക്തമായി തിരിച്ചുവന്ന ഹെനില്‍ 7-3ന് സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ 3-0ന് ലീഡെടുത്ത പെട്രോവയ്ക്ക് പക്ഷെ ഹെനിന്‍റെ മികവിന് മുന്നില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 3-3ന് ഒപ്പമെത്തിയ ഹെനിന്‍ 7-5നെ സെറ്റും മത്സരവും സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക