വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നടുവിലാണ് നാമിപ്പോഴും ജീവിക്കുന്നത്. പഴമക്കാർ വഴി കൈമാറി കൈമാറി വരുന്ന ചില ആചാരങ്ങളും പേടിപ്പെടുത്തുന്ന കഥകളും ഇന്നുമുണ്ട്. മാന്ത്രികക്കൊട്ടാരവും യക്ഷിയും കൂടോത്രവും കാര്യം നേടാൻ ആഭിചാരവും എല്ലാം സത്യമെന്ന് വിശ്വസിക്കുന്ന, ചെയ്തു വരുന്ന ആളുകളുമുണ്ട്.
കൂടോത്രം പോലെയുള്ള അന്ധവിശ്വാസങ്ങൾ ആളുകളെ ഇത്രയധികം സ്വാധീനിക്കുന്നത് എന്തുകൊണ്ട്? അന്ധവിശ്വാസങ്ങൾ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്? അന്ധവിശ്വാസങ്ങളുടെ ഉറവിടം എവിടെയാണ് എന്നതിനൊന്നും പലർക്കും മറുപടിയില്ല.
എന്നാൽ, ജ്യോതിഷികൾക്കും അനുഭവസമ്പത്തുള്ള മുതിർന്നവർക്കും ഇതിനൊരു ഉത്തരം നൽകാനുണ്ട്. മരിച്ചവരുടെ ആത്മാക്കളോടോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആത്മാക്കളോടോ ഉള്ള ഭയത്തിൽനിന്നാണ് മിക്ക അന്ധവിശ്വാസങ്ങളും ഉടലെടുക്കുന്നത്.
അതിൽ പ്രധാനമായതാണ് അസുഖവും സുഖം പ്രാപിക്കലും. പഠനമെല്ലാം കഴിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് പോകുന്നതിലും നല്ലതാണ് പരിചയമുള്ള നാട്ടുവൈദ്യന്റെ അടുത്ത് പോകുന്നതെന്ന് ചിലർ കരുതുന്നു. ചെറിയ അസുഖങ്ങളാണെങ്കിൽ ചെറിയ മരുന്നുകൾ കൊണ്ട് ഭേദമാകുന്നു. അതോടെ, അവരിലുള്ള വിശ്വാസം വളരുകയും അത് അന്ധവിശ്വാസമായി മാറുകയും ചെയ്യുന്നു.
മറ്റാരോ വേറൊരു മന്ത്രവാദിയെക്കൊണ്ട് കൂടോത്രം ചെയ്യിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് രോഗം അല്ലെങ്കിൽ ആപത്ത് വന്നുഭവിച്ചതെന്നും ആ വൈദ്യൻ പറഞ്ഞേക്കാം. തന്റെ ജീവിതമാർഗത്തിനായി അയാൾ പറയുന്ന നുണകൾ സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് അന്ധവിശ്വാസികൾ.
ചില നാടുകളിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത് ആപത്താണെന്ന് കരുതുന്നു. അതിനാൽ ഇരട്ടകളിൽ ഒന്നിനെ അവർ കൊന്നു കളയുന്നു. മാതാപിതാക്കളുടെ ആയുസെടുക്കാനാണ് ഇരട്ടകൾ പിറക്കുന്നതെന്നാണ് ഇക്കൂട്ടർ കരുതുന്നത്. എന്നാൽ, വേറെ ചിലയിടങ്ങളിൽ ഇരട്ടകൾ സൌഭാഗ്യം കൊണ്ടുവരുമെന്ന് കരുതുന്നുണ്ട്. അങ്ങനെ കരുതുന്നവർ കുട്ടികളെ ദൈവതുല്യനായി കാണുന്നു. ദൈവത്തിന്റെ മറുപിറവി തന്നെയാണ് ഇരട്ടകൾ എന്നാണിവർ പറയുന്നത്.
ചില അന്ധവിശ്വാസങ്ങൾ രസകരവും ഹാനികരമല്ലാത്തതും ആയിരിക്കാമെങ്കിലും ചിലത് അപകടകരവും മാരകംപോലുമാണ്. അതേ, അന്ധവിശ്വാസം എന്നത് യഥാർഥത്തിൽ ഒരു വിശ്വാസം, ഒരു മതരൂപം ആണ്.
ലോകത്തിനു ചുറ്റുമുള്ള ചില പൊതു അന്ധവിശ്വാസങ്ങൾ:
*പകൽ സമയത്തു മൂങ്ങയെ കണ്ടാൽ ദോഷം ഭവിക്കും
*ഒരു ചടങ്ങിന്‍റെ സമയത്ത് മെഴുകുതിരി അണഞ്ഞുപോയാൽ ദുഷ്ടാത്മാക്കൾ സമീപത്തുണ്ടെന്നാണ് അർഥം
*വധു വലതു കാൽ വെച്ച് വീട്ടിലേക്ക് കയറുമ്പോൾ കയ്യിലുള്ള നിലവിളക്കിലെ തിരി കെടാൻ പാടില്ല. വന്നു കയറുന്ന പെണ്ണ് ചീത്തയാണ്.
*കുട താഴെ വീണാൽ വീട്ടിൽ ഒരു കൊലപാതകം നടക്കും
*കിടക്കയിൽ തൊപ്പി വെക്കുന്നത് അശുഭകരം
*ഉപ്പ് കയ്യിൽ കൊടുത്താൽ അവരുടെ കൈവെള്ളയിൽ നുള്ളണം. ഇല്ലെങ്കിൽ അവർക്ക് ദോഷം
*ആയുധം ഒരാളുടെ നേരെ ഓങ്ങരുത്. ഓങ്ങിയാൽ അതിന്റെ അരിക് നിലത്ത് കുത്തണം. ഇല്ലെങ്കിൽ അവരെ നാം കൊലപ്പെടുത്തും.
*മണിനാദം ഭൂതങ്ങളെ അകറ്റും
*പിറന്നാൾ കേക്കിലെ മെഴുകുതിരികളെല്ലാംകൂടെ ഒറ്റ ഊത്തിന് കെടുത്തിയാൽ ആഗ്രഹസാഫല്യം ഉണ്ടാകും