വിശാഖം, പുണര്‍തം, ആയില്യം, തിരുവാതിര, മൂലം, കാര്‍ത്തിക, രേവതി, രോഹിണി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, പൂരം, പൂരാടം, പൂരുരുട്ടാതി എന്നീ ദിവസങ്ങളില്‍ ശ്രാദ്ധം ചെയ്താല്‍ മറ്റൊരു മരണം കൂടി അടുത്തുണ്ടാവുന്നതിന് ഇടവന്നേക്കും. അതേസമയം, കന്നി മാസത്തിലെ അഷ്ടകാശ്രാദ്ധത്തിനു തിരുവാതിര നക്ഷത്രത്തിന് കുഴപ്പമില്ല.
വെള്ളിയാഴ്ചയും ശുക്രോദയവും ഇടവം, തുലാം രാശികളും തദ്വംശകങ്ങളും ഏറ്റവും വര്‍ജ്ജ്യം. പ്രേതകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇപ്രകാരം ശുഭസമയം നോക്കേണ്ടതാണ്. എന്നാല്‍, സാംവത്സരിക ശ്രാദ്ധാദികള്‍ക്ക് ദിവസം ചിന്തനീയമല്ല എന്നും അതാതു ദിവസങ്ങളില്‍ അവ ചെയ്യേണ്ടതുമാണ്.
ശ്രാദ്ധാദികള്‍ക്ക് ശുക്ലപക്ഷത്തില്‍ ഷഷ്ഠി തുടങ്ങി പൌര്‍ണ്ണമി വരെയുള്ള 10 തിഥികള്‍ കൊള്ളില്ല. കൃഷ്ണപക്ഷ പ്രതിപദം മുതല്‍ പഞ്ചമി വരെയുള്ള അഞ്ച് തിഥികള്‍ മധ്യമങ്ങളാണ്. ശേഷമുള്ള തിഥികളാണ് ഉത്തമം. ഇതില്‍, പ്രതിപദം, ഷഷ്ഠി, ദ്വാദശി, ചതുര്‍ദ്ദശി എന്നീ തിഥികള്‍ വര്‍ജ്ജ്യങ്ങളുമാണ്.
ശ്രാദ്ധാദികള്‍ക്ക് കര്‍മ്മകര്‍ത്താവിന്റെയും ഭാര്യാസന്താനാദികളുടെയും ജന്മാനുജന്മ നക്ഷത്രങ്ങള്‍ ശുഭമല്ല. കര്‍മ്മം ചെയ്യുന്ന ആളിന്റെ ജന്മനക്ഷത്രത്തിന്റെ 24, 27 എന്നീ നാളുകള്‍ വര്‍ജ്ജിക്കേണ്ടതാണ്. സ്ഥിരരാശികള്‍ കൊള്ളില്ല.
പാപഗ്രഹങ്ങള്‍, അപരാഹ്നങ്ങള്‍ എന്നു തുടങ്ങി ശുഭകര്‍മ്മങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുള്ള കാലങ്ങളെല്ലാം ശ്രാദ്ധത്തിനു ശുഭങ്ങളാണ്. പത്താമിടത്തു വ്യാഴവും ഏഴാമിടത്തു ശുക്രനും നാലിലും അഞ്ചിലും ലഗ്നത്തിലും ചന്ദ്രനും ശ്രാദ്ധാദികള്‍ക്ക് കൊള്ളരുത്. ഈ സമയത്ത് പിതൃകാര്യം ചെയ്യുന്നത് കുടുംബനാശത്തെ ഉണ്ടാക്കുന്നതാണ്.
മരിച്ച ദിവസം മുതല്‍ രണ്ടാം മാസത്തിലും ആറാം മാസത്തിലും 11, 16, 21 എന്നീ ദിവസങ്ങളില്‍ വിശേഷ മാസിക ശ്രാദ്ധങ്ങള്‍ ചെയ്യേണ്ടതാണ്. ഈ പറഞ്ഞ മൂന്ന് ദിവസങ്ങളിലും അതിഥികള്‍ മുതല്‍ അഞ്ച് ദിവസങ്ങള്‍ വീതം കൊള്ളാമെന്നുമുണ്ട്.
മരിച്ച ആളുടെ നക്ഷത്രം അനുകൂലമായും കര്‍മ്മം ചെയ്യുന്ന ആളിന്റെ നക്ഷത്രം അശുഭകരമായും ഇരിക്കണമെന്നും ഉണ്ട്. ശ്രാദ്ധം ചെയ്യേണ്ട 41, 171, 346 എന്നീ മൂന്ന് ദിവസങ്ങളെ പിണ്ഡക ത്രയമെന്നാണ് വിളിക്കുന്നത്. 360 ദിവസത്തിന്റെ അന്നാണ് പിണ്ഡാവസാനം. 361 സപിണ്ഡി. ഇവയെല്ലാം കൂടി ചേരുന്നതാണ് പിണ്ഡപഞ്ചകം.
മരിച്ചയാളുടെ അഷ്ടമരാശി ശ്രാദ്ധത്തിനു നല്ലതല്ല. ദിവസം കണക്കാക്കുന്നത് മരിച്ച ദിവസത്തിന്റെ അടുത്ത ദിവസം മുതല്‍ വേണം. ശ്രാദ്ധത്തിനു ഇടവം രാശി, വെള്ളിയാഴ്ച, ചൊവ്വാഴ്ച, മകയിരം, രോഹിണി, വിഷ്ടി, ഗണ്ഡാന്തം, ഉത്രം, ഉത്രാടം, ഉതൃട്ടാതി എന്നിവയും കൃഷ്ണപക്ഷ ചതുര്‍ദ്ദശിയും നന്നല്ല. മാഘമാസത്തില്‍ കൃഷ്ണാഷ്ടമി ദിവസം അഷ്ടകാ ശ്രാദ്ധം നടത്തണം. പ്രോഷ്ഠപദ മാസത്തില്‍ കൃഷ്ണപക്ഷത്തിലെ ത്രയോദശിയില്‍ അഷ്ടകാ ശ്രാദ്ധം ചെയ്യുന്നത് ഉത്തമമാണ്.