ജീവിതമെന്ന സാഹസികത നിറഞ്ഞ പ്രതിഭാസത്തില്‍ പ്രവചനങ്ങള്‍ മനുഷ്യരെ സഹായിക്കാന്‍ മാത്രമെന്ന് കരുതിയാല്‍ തെറ്റി. ധാര്‍മ്മികതയും സത്യസന്ധതയും പരിശുദ്ധിയും കാത്ത് സൂക്ഷിച്ചുകൊണ്ട് ജീവിത സാക്ഷാത്ക്കാരം നേടുക എന്ന പരമമായ ലക്‍ഷ്യം കൂടി ഭാരതീയ ഋഷിവര്യന്മാര്‍ ജ്യോതിഷത്തിലൂടെ ഉദ്ദേശിച്ചിരുന്നു.
ഓരോദിവസവും ഒരു കാര്യത്തിന് ശുഭകരവും മറ്റൊരു കാര്യത്തിന് അശുഭകരവുമായിരിക്കും. അതായത്, ഓരോദിവസവും ശുഭാശുഭ സമ്മിശ്രമാണെന്ന് പറയാം. സംഭവിച്ചുകൊണ്ടിരിക്കുന്നതോ സംഭവിക്കാനിരിക്കുന്നതോ ആയ ഒരു കാര്യത്തെ കുറിച്ച് ഭൂതകാലത്തെയും ഭാവികാലത്തെയും സമാശ്രയിക്കേണ്ടതായുണ്ട്. ഒരു വീടുവാങ്ങുന്നതിനോ കാറു വാങ്ങുന്നതിനോ ചോറൂണു നടത്തുന്നതിനോ വിവാഹം നടത്തുന്നതിനോ ഒക്കെ ശുഭാശുഭ ദിനങ്ങളുണ്ട്.
ചുരുക്കത്തില്‍, ചില ദിവസങ്ങള്‍ കൂടുതല്‍ ഭാഗ്യപൂര്‍ണവും സുഗമവുമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതത്തെ പൂര്‍ണമായ വിധിവാദ(ടോട്ടാലിസം)ത്തിനു വിട്ടുകൊടുക്കരുത്. അതേസമയം, അശുഭകരമെന്ന് കരുതുന്ന ദിവസങ്ങളെ എഴുതിത്തള്ളുകയും ചെയ്യരുത്. ഏറ്റവും അശുഭകരമായ ദിവസത്തിനും ജിവിതഗന്ധിയായ ഒരു കുറിപ്പ് നമ്മില്‍ അവശേഷിപ്പിക്കാനും പലതും പഠിപ്പിക്കുവാനും കഴിഞ്ഞേക്കും. അതിനാല്‍, സാധാരണ മനുഷ്യന് സാഹസികമായ ജീവിതസമരത്തില്‍ വഴികാട്ടിയാവാന്‍ ജ്യോതിഷത്തിനു കഴിയും.