സര്‍പ്പദോഷം എങ്ങനെ മറികടക്കാം ?; ഭയക്കേണ്ടതുണ്ടോ ഇക്കാര്യത്തില്‍ ?

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (19:04 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ എന്തിനാണ് പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നതെന്ന് ചോദിച്ചാല്‍ പലതരത്തിലുള്ള മറുപടികളാകും ലഭിക്കുക.

പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം പുരാതന കാലം മുതല്‍ നിലനിന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിവരുന്നത്.

എന്നാല്‍ എല്ലാവരിലും ഭയവും ആശങ്കയും ഉണ്ടാക്കുന്നതാണ് സര്‍പ്പദോഷം എന്നത്. ഇതിനുള്ള പരിഹാര ക്രീയകള്‍ എന്താണെന്ന് പലരും തിരക്കാറുമുണ്ട്.

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.

സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു.

നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.

രാഹുവിന്‍റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്‍റെ സ്ഥാനവും പരിഹാരവും താഴെ കൊടുത്തിരിക്കുന്നു.

മിഥുനം, കന്നി, ധനു, മീനം - അനന്തനെ ഭജിക്കണം. മേടം,ചിങ്ങം, മകരം, കുംഭം - വാസുകിയെ പ്രീതിപ്പെടുത്തണം. ഇടവം, കര്‍ക്കിടകം, തുലാം - നാഗയക്ഷിയെ പ്രീതിപ്പെടുത്തണം. ലഗ്നത്തിലാണെങ്കില്‍ നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര്‍ അഭിഷേകം നടത്തണം. ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ സര്‍പ്പബലി. ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ പാട്ടും തുള്ളലും.
നാലില്‍ ആണെങ്കില്‍ സര്‍പ്പരൂപം സമര്‍പ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article