കള്ളം തെളിഞ്ഞാല്‍ ‘ട്രെയിനിംഗ്’

Webdunia
P.S. AbhayanWD
‘കള്ളം വെള്ളത്തില്‍ തെളിയും’ എന്നായിരുന്നു ഇക്കാലമത്രയും മലയാളത്താന്‍‌മാര്‍ ധരിച്ചുവച്ചിരുന്നത്. കമ്പ്യൂട്ടറുകള്‍ ‘പി ഫോറി’ല്‍ നിന്ന് ‘കോര്‍ ടു ഡ്യുയോ’ സാങ്കേതിക വിദ്യയിലേക്ക് കുതിച്ചെത്തിയ ഇക്കാലത്ത് പഴഞ്ചൊല്ലുകള്‍ക്കും മാറ്റം ആവാമെന്നാണ് കേരളത്തിലെ എക്സൈസ് വകുപ്പിന്‍റെ തീരുമാനം!

പഴഞ്ചൊല്ലിന് മാറ്റമോ? ഇതു കേട്ട് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് കണ്ട് സാധാരണ ഫാസ്റ്റോ സൂപ്പര്‍ഫാസ്റ്റോ എന്ന് മനസ്സിലാകാത്ത പോലെ കുഴഞ്ഞ് നില്‍ക്കേണ്ട കാര്യമില്ല. ‘കള്ളം വെള്ളത്തില്‍ തെളിഞ്ഞാല്‍ ‘ട്രെയിനിംഗിനു’ വിടും’ എന്നാണ് എക്സൈസ് ഏമാന്‍‌മാരുടെ കടുത്ത തീരുമാനം.

കാര്യം മറ്റൊന്നുമല്ല. വകുപ്പിന്‍റെ കീഴില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നിര്‍ബന്ധമാണ്.അതും തൊണ്ണൂറ് പ്രവര്‍ത്തി ദിവസം. വകുപ്പിലും സര്‍ക്കാരിലും ‘പിടി’ ഇല്ല എങ്കിലാണ് ഈ പരിശീലനം തടവായി തോന്നുക. പിടിയുണ്ടെങ്കില്‍ ‘ചില്ലറ’ പൊടിക്കൈകള്‍ കാട്ടി തടവറയിലെ ജീവിതം കടലാസിലും യഥാര്‍ത്ഥ ജീവിതം വീട്ടില്‍ കുഞ്ഞുകുട്ടി പരാധീനങ്ങളോടൊപ്പവും ആവാം.

കുറച്ചുകാലം മുമ്പ് ഒരു ബാച്ചിനെ പരിശീലനത്തിനയച്ചു. അവര്‍ക്ക് അല്‍പ്പം ബുദ്ധിയുള്ള കൂട്ടത്തിലായിരുന്നു എന്ന് മേലധികാരികള്‍ക്ക് അറിയാമെങ്കിലും ബുദ്ധിയെ ഒരു തെറ്റായി അവര്‍ കണ്ടില്ല, അങ്ങിനെ പാടുണ്ടോ? ജന്‍‌മനാ ബുദ്ധിയുള്ളവര്‍ എളുപ്പവഴിയിലൂടെ ക്രിയ ചെയ്ത് എല്ലാവര്‍ക്കും മുമ്പേ ഉത്തരം കണ്ടെത്തുന്നതില്‍ എന്തു തെറ്റ്!

P.S. AbhayanWD
പരിശീലനത്തിനു ഹാജരായ മിടുക്കന്‍‌മാര്‍ വകുപ്പുതല പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്‍റെ പകര്‍പ്പ് ഹാജരാക്കുന്നു, ദിവസങ്ങളോളം വീട്ടില്‍ താമസിക്കാനുള്ള അച്ചാരവും നേടുന്നു. ഇതിലെന്ത് തെറ്റെന്നാവും. എന്നാല്‍...തെറ്റി, എല്ലാം തെറ്റി.

എല്ലാം തെറ്റാന്‍ കാരണം കുറേ മണ്ടന്‍‌മാരാണ്. ബുദ്ധിമാന്‍‌മാരുടെ സംഘം ഹാജരാക്കിയ ഹാള്‍ ടിക്കറ്റ് പകര്‍പ്പ് കഴിഞ്ഞ വര്‍ഷത്തേതാണെന്ന് മണ്ടന്‍‌മാര്‍ പരാതിപ്പെട്ടു. ആ കള്ളം ‘വെള്ളത്തില്‍ തെളിയുക’യും ചെയ്തു. ഇക്കാര്യമെല്ലാം കുളമാക്കിയ മണ്ടരെ വറുത്ത് കൊടുത്താലും നിലത്തിട്ട് ചവിട്ടിയേ തിന്നൂ എന്നായി അധികൃതര്‍. മണ്ടന്‍‌മാര്‍ക്കും കുറ്റം കാണുമല്ലോ. അപ്പോഴാണ് എല്ലാ മണ്ടന്‍‌മാരും പരിശീലന സമയത്ത് ഒന്നോ രണ്ടോ അവധിയെങ്കിലും എടുത്തിട്ടുണ്ട് എന്ന ‘പുളകം കൊള്ളിക്കുന്ന’ സത്യം ഏമാന്‍‌മാരുടെ ഹൃദയത്തെ ചുറ്റിവരിഞ്ഞ് ചുംബനവര്‍ഷം നടത്തിയത്!

‘മോന്‍ ചത്താലും മരുമോടെ കണ്ണീര്‍ കാണാനെന്ത് രസം’. ഒരു ദിവസം അവധിയെടുത്തവരെയും രണ്ട് ദിവസം അവധിയെടുത്തവരെയും അടക്കം മുന്‍‌കാലത്ത് പരിശീലനം നടത്തിയവരെയെല്ലാം വീണ്ടും പരിശീലനത്തിന് വിട്ട് ദ്വേഷ്യം തീര്‍ക്കുകയാണ് എമാന്‍‌മാരുടെ ഇപ്പോഴത്തെ പരിപാടി. കാട്ടിലെ തടിയല്ലേ തേവരുടെ ആനയല്ലേ വലിയെടാ...വലി, സര്‍ക്കാരിന്‍റെ പൈസയല്ലേ, പരിശീലനമല്ലേ പോവട്ടങ്ങനെ പോവട്ടേ! കാട്ടിലും നാട്ടിലും സ്പിരിറ്റ് മാഫിയ ഈ സമയത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നു എന്നും കേട്ടു കേഴ്‌വികളുണ്ട്.