പ്രണയിനി അകന്നു പോകുന്നുവോ?, കള്ളത്തരങ്ങ‌ൾ ആവർത്തിക്കുന്നുവോ? - കാരണം അതുതന്നെ !

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (17:51 IST)
പ്രണയമായാലും സൗഹൃദമായാലും രക്തബന്ധമായാലും ആധുനികലോകത്ത് അതിന്റെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്. ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും. കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും. ബന്ധങ്ങ‌ളെ മുറുക്കെ പിടിച്ചാൽ ഈ തകർച്ചയേയും തോൽവിയേയും ഒഴുവാക്കാവുന്നതേയുള്ളൂ. ഇണക്കങ്ങ‌ളും പിണക്കങ്ങ‌ളും എല്ലാം ഒത്തുചേർന്നതാണ് കുടുംബങ്ങ‌ൾ. എന്നാൽ പിണക്കങ്ങ‌ൾ അതിരുകടന്നാൽ തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയിൽ അകന്നുപോകും എല്ലാവരും. ബന്ധങ്ങ‌ൾ തകരുന്നതിന്റെ ചില കാരണങ്ങ‌ളിതാ. 
 
1. വിശ്വാസവഞ്ചന:
 
ബന്ധങ്ങ‌ളുടെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. പരസ്പരം കൂറ് പുലർത്തി ജീവിതകാലം മുഴുവൻ കൂടെ കഴിഞ്ഞുകൊള്ളാം എന്ന് വിവാഹത്തിൽ പറയുന്നുവെങ്കിൽ അതിന്റെ ഉടമ്പടി വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്. ഈ കാലത്തിന്റെ ഒരു പ്രത്യേകതയാണ് വിശ്വാസവഞ്ചന എന്നത്. ഒരേ സമയം രണ്ടുപേരോട് ബന്ധം നിലനിർത്തുന്നത് വിശ്വാസവഞ്ചനയാണ്. പങ്കാളിക്ക് നൽകേണ്ട സ്നേഹവും ശ്രദ്ധയുമൊക്കെയാണ് മറ്റൊരാൾക്ക് നൽകുന്നത്. അപ്പോ‌ൾ വഞ്ചിക്കപ്പെടുന്നത് പങ്കാളി മാത്രമല്ല. അത്രേയും കാലം നൽകിയ സ്നേഹം കൂടിയാണ്. ഇണയെ ചതിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരെ ദൈവം സ്വീകരിക്കില്ല എന്ന് ബൈബിളിലും പറയുന്നുണ്ട്.
 
2. സ്വാർത്ഥത: 
 
ബന്ധങ്ങ‌‌ളിൽ പരസ്പരം സ്വാർത്ഥത തോന്നാൻ പാടില്ല. ഞാനെന്ന ഭാവം എല്ലാവർക്കുമുണ്ട്. എന്നാൽ അത് ജീവിതത്തിലും ബന്ധങ്ങ‌ളിലും പ്രകടിപ്പിച്ചാൽ നഷ്ടം നമുക്ക് തന്നെയാണ്. സ്വാർത്ഥത ഇല്ലാതെ സ്നേഹിക്കുക. മറ്റൊരാൾ ജീവിക്കുന്നതുപോലെ ജീവിക്കണമെന്ന് വാശി പിടിക്കുന്നത്, പങ്കാളി ഉയരത്തിൽ എത്തരുതെന്ന കുശുമ്പ് ഇതെല്ലാം സ്വാർത്ഥതയുടെ ഭാഗമാണ്. പങ്കാളിയെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ നമ്മളെക്കുറിച്ച് ആലോചിച്ചാൽ അതാണ് സ്വാർത്ഥത.
 
3. മനോഭാവം:
 
പങ്കാളിയെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം. ഉത്തരവിടുന്നത്, ദേഹോപദ്രവം ഏൽപ്പിക്കുന്നത്, വാശിപിടിക്കുന്നത്, പരാതി പറയുന്നത്, ഉറക്കെ സംസാരിക്കുന്നത്, തെറ്റുകൾ മാത്രം കണ്ടുപിടിക്കരുത്. ഇതെല്ലാം നാം ചെയ്യുന്നത് നമ്മുടെ ചിന്താഗതിയുടേയും മനോഭാവത്തിന്റേയും അടിസ്ഥാനത്തിലാണ്. എന്നാൽ ഇങ്ങനെ പെരുമാറുമ്പോൾ അത് പങ്കാളിക്ക് അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല.
 
4. അസൂയ:
 
ബന്ധങ്ങ‌ളിൽ അസൂയ പാടില്ല. പങ്കാളിയോടായാലും സുഹൃത്തിനോടായാലും. അപകടകരമായ ഒരവസ്ഥയാണ് അസൂയ. മനസ്സിനെ ബാധിക്കുന്ന പ്രശ്നങ്ങ‌ൾ അതീവഗുരുതരമായിരിക്കും. ചിന്തിച്ച് ചിന്തിച്ച് കാടുകയറും. പങ്കാളിയുടെ ഉയർച്ചയിൽ അസൂയ തോന്നാതെ അഭിമാനിക്കുക. നമ്മളേക്കാൾ സുഖജീവിതമാണ് അവർ നയിക്കുന്നതെന്ന ചിന്ത ആദ്യം മാറ്റിവക്കുക.
 
5. പണത്തെ മാത്രം സ്നേഹിക്കുന്നത്:
 
പങ്കാളിയെക്കാൾ അധികമായി പണത്തെ സ്നേഹിക്കുന്നത് ബന്ധത്തിന് വിള്ളലുണ്ടാക്കും. പ്രണയിക്കുന്ന സമയത്ത് പങ്കാളിക്കായി എന്തും വാങ്ങാനും എത്ര പണം ചിലവാക്കാനും മടി കാട്ടാത്തവർ വിവാഹത്തോടെ രീതികൾ മാറ്റുന്നു. പണത്തിന് വേണ്ടി ഓടുമ്പോൾ ജീവിതം തകരുന്നത് പലരും അറിയുന്നില്ല. പണത്തിന് വേണ്ടി ജീവിക്കാതെ, ജീവിക്കാൻ വേണ്ടി പണം സമ്പാദിക്കുക. അതാണ് ബന്ധം നിലനിർത്താൻ നമ്മളെ സഹായിക്കുക.
 
ബന്ധങ്ങ‌ൾ കാത്തുസൂക്ഷിക്കാൻ ചില രഹസ്യമാർഗങ്ങ‌ളിതാ:
 
1. പരസ്പരമുള്ള വിശ്വാസ്യത എപ്പോഴും നിലനിർത്തുക.
 
2. പങ്കാളിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുക, പറയുന്നത് ക്ഷമയോടെ കേ‌ൾക്കുക.
 
3. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും പഴിചാരലും ഒഴുവാക്കുക, ശരീരത്തിനേക്കാൾ അത് മനസ്സിനെയാണ് ബാധിക്കുക.
 
4. എപ്പോഴും സത്യസന്ധരായിരിക്കുവാൻ ശ്രമിക്കുക. തെറ്റുകൾ ചെയ്താൻ മറച്ച് വെക്കാതെ പരസ്പരം പങ്കുവെക്കുക.
 
5. വാശിയും കടുംപിടുത്തവും ഒഴുവാക്കി നിസ്വാർത്ഥയാകുക.