പ്രണയബദ്ധരാവുന്നതെങ്ങനെ ?

Webdunia
FILEWD
എന്തുകൊണ്ടാണ് രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലാവുന്നത്? എന്തുക്കൊണ്ടാണ് ഒരാളെങ്കിലും എന്നെ പ്രണയിച്ചിരുന്നുവെങ്കില്‍ എന്നാ‍ഗ്രഹിച്ചു പോവുന്നത്? സ്വയം സ്നേഹിച്ച് ഏകനായ് നമുക്ക് ജീവിക്കാനാവില്ലെ? രണ്ടു പേര്‍ തമ്മിലുള്ള പ്രണയത്തിന്‍റെ രസതന്ത്രം എന്താണ്? ചോദ്യങ്ങള്‍ നിരവധിയുണ്ടാവാം, പക്ഷെ ഒന്നുറപ്പാണ് പ്രണയം തീര്‍ത്തും നിഗൂഡമായ ഒരു പ്രതിഭാസം തന്നെയാണ്.

പ്രണയത്തിനുള്ള ഒന്നാമത്തെ കാരണം ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന അഭിനിവേശം തന്നെയാണ്. അതിനെ ഹോര്‍മോണുകളിലുണ്ടാവുന്ന വ്യതിയാനം എന്നോ മനസും, ഹൃദയവും, വികാരങ്ങളും ചേര്‍ന്നുണ്ടാകുന്ന വേലിയേറ്റമെന്നോ എന്തുവേണമെങ്കിലും വിളിക്കാം. ചുരുക്കി പറഞ്ഞാല്‍ ഇത്രമാത്രം, ഒരാള്‍ക്ക് മറ്റൊരാളോട് ഇഷ്ടം തോന്നുകയും അയാളെ കൂടാതെ ജീവിക്കാനാവില്ല എന്ന സ്ഥിതി വരികയും ചെയ്യുന്നു.

യഥാര്‍ത്ഥ പ്രണയത്തിന് ശരീര സൌന്ദര്യം ഒരിക്കലും ഒരു ഘടകമാവുന്നില്ല. അതിസുന്ദരിയായ ഒരു യുവതിക്ക് തീരെ സൌന്ദര്യം കുറഞ്ഞ യുവാവിനോട് പ്രണയം തോന്നാം. നിങ്ങള്‍ ഒരു പ്രണയിതാവിനോട് ചോദിച്ച് നോക്കൂ എന്താണ് അവര്‍ അവരുടെ കാമുകനേയൊ/കാമുകിയേയൊ പ്രണയിക്കാന്‍ കാരണം എന്ന്. നിങ്ങള്‍ക്ക് ഒരിക്കലും അതിന് യുക്തിഭദ്രമായ ഉത്തരം ലഭിക്കുകയില്ല. കാരണം പ്രണയം അളക്കാന്‍ മാപിനികളില്ല, അതിന് മാനദണ്ഡങ്ങളില്ല, അതിന് അതിര്‍വരമ്പുകളില്ല പ്രണയം സംഭവിക്കുന്നു അതാണ് സത്യം.

ഒരാളുടെ ചില പ്രത്യേക കഴിവുകളോടുള്ള ആരാധനയാവാം ചിലപ്പോള്‍ പ്രണയഹേതുവാകുന്നത്. ഇതിനെ ഒരിക്കലും റൊമന്‍റിക് പ്രണയം എന്ന് പറയാനാവില്ല. പക്ഷെ അതിന്‍റെയത്ര തന്നെ കാന്തിക ശക്തി ഇതിനും ഉണ്ടാവും. സവിശേഷതകളോടുള്ള താല്പര്യം കൊണ്ട് തുടങ്ങുന്ന പ്രണയമാണെങ്കിലും പിന്നീട് അത് ഇരു ഹൃദയങ്ങളേയും ശക്തമായി ഒരുമ്മിപ്പിച്ചുക്കൊണ്ട് യഥാര്‍ത്ഥ പ്രണയമായി മാറുന്നു.

മറ്റ് ചിലരുടെ കാര്യത്തില്‍, സ്വഭാവത്തിലുള്ള സാമ്യതകളാവാം പ്രണയകാരണം. ജീവിത വീക്ഷണത്തിലുള്ള യോജിപ്പ് അവരിലുണ്ടാക്കുന്ന ആത്മബന്ധം പ്രണയമായി പരിണമിക്കും. ഇരുവര്‍ക്കുമായി സൃഷിടിക്കപ്പെട്ടവരായി മാറുന്നു അവര്‍.

ഇങ്ങനെ പല കാരണങ്ങള്‍, പല സന്ദര്‍ഭങ്ങള്‍, പ്രണയത്തിനുള്ള സാദ്ധ്യതകള്‍ മുഴുവനായി രേഖപ്പെടുത്തുവാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. കാരണം എന്തുമാവട്ടെ, പ്രണയം ഒരു അനുഭവം തന്നെയാണ് അത് നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.