ഞാന്‍ പ്രണയിക്കുന്നു ഉപാധികളില്ലാതെ

Webdunia
WDWD
ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്. മഞ്ഞുതുള്ളികള്‍ പോലെ നിര്‍മ്മലമായ പ്രണയത്തെ നിനക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിക്കും.

എന്‍റെ ഇഷ്ടങ്ങള്‍ നിന്‍റെ അനിഷ്ടങ്ങളാണെന്ന് എനിക്കറിയാം. എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ നീ തയ്യാറല്ല....എങ്കിലും ഞാന്‍ നിന്നെ പ്രണയിക്കുന്നു....നിന്നിലെ നന്മയെ ഞാന്‍ ബഹുമാനിക്കുന്നു....നിന്‍റെ സന്തോഷത്തിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു...

നിന്നോടുള്ള എന്‍റെ പ്രണയം നിസ്വാര്‍ത്ഥമായിരിക്കും. നിന്‍റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഞാന്‍ ഒരിക്കലും തടസമാവില്ല. ഒന്നും പ്രതീക്ഷിക്കാതെ ഞാന്‍ നല്‍കുന്ന സ്നേഹത്തിനെ ആളുകള്‍ പരിഹസിച്ചേക്കാം. വിവാഹം എന്ന വ്യവസ്ത്ഥിതിക്ക് ഈ പ്രണയത്തില്‍ പ്രാധാന്യമേയില്ല. മനസിന്‍റെ എല്ലാ നന്‍‌മകളുമായി നിന്നെ ഞാന്‍ പ്രണയിക്കുന്നു, തിരികെ തേടിയെത്തുന്നത് വെറുപ്പിന്‍റെ കൂരമ്പുകളായാല്ലും ഞാന്‍ ഭയപ്പെടുകയില്ല.

നിന്‍റെ ഇഷ്ടങ്ങള്‍ തേടി നീ പോവുകയാണെനിക്കറീയാം. നിന്‍റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്. നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്. എന്‍റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല. നിന്നില്‍ നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്‍റെ പ്രണയത്തിന്‍റെ തീവ്രത അല്പം പോലും കുറയുകയില്ല.

എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്‍റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്‍റെ മനസില്‍ നിനക്കായി ഒരു ശ്രീകോവില്‍ ഞാന്‍ തുറന്നുവയ്ക്കും. എന്‍റെ സാമീപ്യം നിന്നില്‍ അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്‍ ഒരിക്കലും നിന്‍റെ മുന്നില്‍ ഞാന്‍ വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്‍ ഇരുന്ന് മനസിലുള്ള നിന്‍റെ രൂപത്തെ ധ്യാനിച്ച് ഞാന്‍ ജീവിച്ചു കൊള്ളാം.

നീയറിയാതെ, നിന്‍റെ സമ്മതമില്ലാതെ നിന്നെ ഞാന്‍ പ്രണയിക്കുന്നത് ഒരു പക്ഷെ തെറ്റായിരിക്കാം. എങ്കില്‍ ആ തെറ്റിന്‍റെ ശിക്ഷ ഞാന്‍ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു. എന്‍റെ ജാതി, മതം, വംശം എല്ലാം നിന്‍റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാവാം. പക്ഷെ എന്‍റെ സ്നേഹം ഈ അതിര്‍ വരമ്പുകളെയെല്ലാം ഭേദിക്കാന്‍ ശക്തിയുള്ളതായിരിക്കും.

തിരിച്ച് അല്പം സ്നേഹപോലും പ്രതീക്ഷിക്കാതെ പ്രണയിക്കുന്നവന്‍റെ ചിന്തകള്‍ ഇങ്ങനെയൊക്കെയായിരിക്കും. എതിര്‍പ്പുകള്‍ മാത്രം നേരിടേണ്ടി വന്നാലും, നല്ല ഒരു വാക്കോ ഒരു നോട്ടമോ പോലും പ്രതീക്ഷിക്കാതെ നിങ്ങള്‍ക്ക് പ്രണയിക്കാനാവുമോ.....ഉപാധികളില്ലാത്ത പ്രണയത്തിന് നിങ്ങളുടേതായ നിര്‍വചനം നല്‍കാന്‍ നിങ്ങള്‍ക്കാവുമോ....എങ്കില്‍ പ്രണയിക്കുക...നിങ്ങളെ കാത്ത് പ്രണയത്തിന്‍റെ പറുദീസയുണ്ട്.