പോരാളികളെ ഓര്‍ക്കാനൊരവസരം

ശനി, 24 ജനുവരി 2009 (20:05 IST)
മുംബൈയിലെ ഗലികളില്‍ രക്തത്തിന്റെ ലോഹഗന്ധം നിറഞ്ഞുനിന്ന പകലരിവുകളായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 26. ഒരു ആക്ഷന്‍ ത്രില്ലര്‍ പോലെ മസാല വാര്‍ത്തകളൊരുക്കി ചാനലുകള്‍ നമുക്ക് മുന്നില്‍ ആ വാര്‍ത്ത വിളമ്പി വെയ്‌ക്കുമ്പോഴും ഇന്ത്യന്‍ ജനത ഒന്നാണ് എന്ന് ഒരിക്കല്‍ കൂടി വെളിവാകുകയായിരുന്നു.

അമ്പലമണികളുടെ മുഴക്കത്തിലും നിസ്ക്കാര പായിലും മെഴുകുതിരി നാളങ്ങളിലൂടെയും ഇന്ത്യന്‍ ജനത ഒന്ന് മാത്രമേ പ്രാര്‍ത്ഥിച്ചുള്ളു നാടിന് വേണ്ടി പൊരുതുന്ന വീരപുത്രന്‍മാരുടെ ജീവന്‍ കാക്കണമെന്ന്, വെടിമരുന്ന് മണക്കുന്ന ഇടനാഴികളില്‍ നിന്ന് അവര്‍ വിജയികളായി തിരിച്ച് വരണമേയെന്ന്.

ദേശീയ സുരക്ഷ ഭടന്‍മാരും മുംബൈ തീവ്രവാദ വിരുദ്ധ സംഘവും തങ്ങളുടെ മാതൃഭൂമിക്കായി പോരാടി. നീലവാനത്തിന് കീഴില്‍ സ്വച്ഛന്ദം പാറിക്കളിക്കുന്ന ത്രിവര്‍ണ്ണ പതാകയായിരുന്നിരിക്കണം അപ്പോള്‍ അവരുടെ മനസില്‍, ഒപ്പം 100 കോടി ജനതയുടെ പ്രാര്‍‌ത്ഥനാ നിര്‍ഭരമായ കണ്ണുകളും. ഹൃദയം തുളച്ച് വെടിയുണ്ടകള്‍ പാഞ്ഞുപോയപ്പോഴും അടിപതറാതെ അവര്‍ അവസാന ചെറുത്ത് നില്‍പ്പും നടത്തി എന്ന ദൃക്‌‌സാക്ഷികളുടെ മൊഴികള്‍ അവരുടെ ഉള്ളില്‍ അണയാതെ സൂക്ഷിച്ചിരുന്ന ദേശസ്നേഹത്തിന്റെ തെളിവായി.

എന്‍.എസ്.ജി മേജറും മലയാളിയുമായ സന്ദീപ് ഉണ്ണികൃഷ്ണന്‍, മുംബൈ ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ, ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗ് ബിഷത്ത്, തുക്കറാം ഒംബലെ, കാമത്ത് തുടങ്ങി നിരവധി പേരാണ് അന്ന് നടന്ന ഏറ്റുമുട്ടലില്‍ വീരചരമമടഞ്ഞത്.

ആ ധീരന്മാരെ അര്‍ഹിക്കുന്ന അംഗീകാരത്തോടെ തന്നെയാണ് രാജ്യം ആദരിക്കുന്നത്. അറുപതാം റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥില്‍ ഭാരതത്തിലെ ഏറ്റവും വലിയ സൈനിക ബഹുമതികളായ അശോക ചക്ര, കീര്‍ത്തി ചക്ര, ശൌര്യ ചക്ര എന്നിവ നല്‍കി ഈ ധീരന്മാരെ ആദരിക്കും. ഇന്ത്യന്‍ ജനത ഒരു നിമിഷം മനസുകൊണ്ടെങ്കിലും ആ വീരയോദ്ധാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കും.

കാരണം ഭാരതം ഒന്നാണ്, ഒരു ശക്തിയ്ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലായെന്ന് ഒരിക്കല്‍ കൂടി ഛിദ്ര ശക്തികള്‍ക്ക് മനസിലാക്കി കൊടുത്തതിന്. അഭിമാനം കൊണ്ട് ഓരോ ഭാരതീയനും തലയുര്‍ത്തിതന്നെ നില്‍ക്കും മനസില്‍ അവരുടെ ഓര്‍മ്മകള്‍ കടലിരമ്പമായി അലയടിച്ചെത്തുമെങ്കിലും കണ്ണുനീരിന്റെ നനവ് പടരില്ല കാരണം അവര്‍ നാമ്മെ പഠിപ്പിച്ചത് കരയാനല്ല പ്രതിരോധിക്കാനാണ്.

തോക്കിന്‍ കുഴലുകള്‍ സംഗീതം പൊഴിക്കില്ല എന്നത് പഴഞ്ചന്‍ സത്യം ഇന്ത്യന്‍ ജനതയ്ക്ക് അത് മറ്റൊന്നാണ് നല്‍കിയത്. വിടര്‍ന്ന റോസാദളങ്ങള്‍ തോക്കിന്‍ കുഴലില്‍ വെച്ച് ഓരോ കമാന്റോയും നടന്നു നീങ്ങിയപ്പോള്‍ അവരെ ആരതി യുഴിഞ്ഞും നാം സ്വീകരിച്ചത് അതുകൊണ്ടാണ് ഈ റിപ്പബ്ലിക്ക് ദിനം അവര്‍ക്കുള്ളതാണ് അവരുടെ ഓര്‍മ്മകള്‍ക്കുള്ളതാണ്.

വെബ്ദുനിയ വായിക്കുക