ശബരിമല മകരവിളക്ക് തീര്‍ഥാടനം; ഇത്തവണ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (10:45 IST)
ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല  മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേര്‍ന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തവണത്തെ തീര്‍ഥാടനകാലത്തു കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 
 
മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. തീര്‍ഥാടകരെത്തുന്ന സ്‌നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടര്‍ അതോറിറ്റി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും.
 
തീര്‍ഥാടകരുടെ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തീര്‍ഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. സുരക്ഷ ശക്തമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയില്‍ വിന്യസിക്കും. മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിന് ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തീര്‍ഥാടകരെത്തുന്ന സ്ഥലങ്ങളിലെല്ലാം ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിച്ചു ശേഖരിക്കുന്നതിനു പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കും. ഇത്തവണത്തെ തീര്‍ഥാടനം ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍