നാസിക്കിലെ കാലരാംമന്ദിര്‍

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കാലരാം മന്ദിര്‍. നഗരത്തിലെ പഞ്ചവടി മേഖലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ഏറ്റവും വലുതും ലളിതവുമായ ക്ഷേത്രമാണ് ഇത്. കാലറാം ക്ഷേത്രം 1790ലാണ് പേഷ്‌വ രാജവംശത്തിലെ ഒധെകര്‍ നിര്‍മ്മിച്ചത്.

ശ്രീരാമന്‍റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. കറുത്ത ശിലയില്‍ നിര്‍മ്മിച്ച വിഗ്രഹമായതിനാലാണ് ക്ഷേത്രം കാലരാം മന്ദിര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ശ്രീരാമ വിഗ്രഹത്തിന് പുറമെ സീതയുടെയും ലക്ഷ്മണന്‍റെയും വിഗ്രഹങ്ങളുമുണ്ട്. കറുത്ത നിറത്തിലുള്ള വിഗ്രഹങ്ങളാണ് ഇവയും. വിഗ്രഹങ്ങള്‍ ആഭരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളതും കറുത്ത ശിലകള്‍ കൊണ്ടാണ്. നാല് കവാടങ്ങള്‍ ക്ഷേത്രത്തിനുണ്ട്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം 32 ടണ്‍ സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തേ പട്ടികജാതിക്കാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍, അംബദ്കര്‍ നടത്തിയ സത്യാഗ്രഹത്തെ തുടര്‍ന്ന് 1930 മുതല്‍ പട്ടികജാതിക്കാര്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.

ക്ഷേത്രത്തിന് ചുറ്റും ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. ഭിത്തിക്ക് 96 തൂണുകളുമുണ്ട്. കിഴക്ക് ഭാഗത്ത് നിര്‍മ്മിച്ചിട്ടുള്ള വാതിലിലൂടെ ആണ് ഇതിനകത്ത് പ്രവേശിക്കേണ്ടത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ശിലകള്‍ രാംഷേജ് എന്ന സ്ഥലത്ത് നിന്നാണ് കൊണ്ടു വന്നത്. പന്ത്രണ്ട് വര്‍ഷം നീണ്ട ക്ഷേത്ര നിര്‍മ്മാണത്തിന് 23 ലക്ഷം രൂപയാണ് ചെലവായത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ 2000 ജോലിക്കാരാണ് ഭാഗഭാക്കായത്. ക്ഷേത്രത്തിന് 70 മീറ്റര്‍ ഉയരമുണ്ട്. ശ്രീകോവിലിന് സമീപം സീത ഗുഹയുണ്ട്.

വനവാസക്കാലത്ത് സീതാദേവി ഈ ഗുഹയില്‍ താമസിച്ചിരുന്നു എന്നാണ് വിശ്വാസം. ഇവിടെ നിരവധി ആല്‍ വൃക്ഷങ്ങളുമുണ്ട്. ത്രയംബകേശ്വര്‍ ക്ഷേത്രത്തിന് സമാനമായാണ് കാലരാംമന്ദിര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവിടെ വിതാല, ഗണപതി, ഹനുമാന്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. രാമനവമി, ദസറ, ചൈത്ര പദ്‌വ എന്നീ ആഘോഷങ്ങള്‍ പ്രധാനമാണ്. ഈ വേളകളില്‍ കാലരാംമന്ദിര്‍ ഭക്തജനപ്രവാഹത്താല്‍ വീര്‍പ്പ് മുട്ടുന്നു.

ഉത്സവങ്ങള്‍

രാമനവമി, ദസറ, ചൈത്ര പദ്‌വ എന്നീ വേളകളില്‍ ഘോഷയാത്ര സംഘടിപ്പിക്കാറുണ്ട്.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: മുംബെയില്‍ നിന്ന് നാസികിലേക്ക് 170 കിലോമീറ്റര്‍ ദൂരമുണ്ട്. പൂനെയില്‍ നിന്ന് ഇവിടേക്ക് 210 കിലോമീറ്റര്‍
WDWD
ദൂരമുണ്ട്

റെയില്‍: മധ്യറെയില്‍‌വേയിലെ പ്രധാന റെയില്‍‌വേ സ്റ്റേഷനാണ് നാസിക്

വ്യോമം: നാസിക്കില്‍ വിമാനത്താവളമുണ്ട്. മുംബെയില്‍ നിന്ന് ഇവിടേക്ക് വിമാനമുണ്ട്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക