ഭഗവാന്‍ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ക്കെഴുന്നൊള്ളുന്ന ദിവസം കൂടിയാണിത്. അതിനാല്‍ തന്നെ അന്നെ ദിവസം ക്ഷേത്രത്തിലെത്താന്‍ കഴിയുന്നത് പുണ്യമായി വിശ്വാസികള്‍ കണക്കാക്കുന്നു. ഏകാദശി വ്രതം നോല്‍ക്കുന്നതിലൂടെ വിഷ്ണുവിന്റെ പ്രീതിയും സര്‍വ ഐശ്വര്യങ്ങളും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടെയും വേണം ഏകാദശി വ്രതം അനുഷ്ഠിക്കാന്‍.
ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ്. ഗുരുവായൂര്‍ എകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. അതിന് സാധിക്കാത്തവര്‍ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയുള്ള ധ്യാനങ്ങളോ കഴിക്കുക. എണ്ണ തേച്ചുള്ള കുളി, പകലുറക്കം എന്നിവ ഏകാദശി നാളില്‍ പാടില്ല. പ്രഭാത സ്‌നാനത്തിന് ശേഷം ഭഗവാനെ ധ്യാനിക്കുകയോ സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയോ വേണം. ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ വിഷ്ണിഗായത്രി കുറഞ്ഞത് 9 തവണയെങ്കിലും ജപിക്കുന്നത് സദ്ഫലം ചെയ്യും.