മനസ്സുരുകി പ്രാര്‍ത്ഥിക്കൂ... ഞാനെന്ന ഭാവം മാറ്റി എല്ലാവർക്കും വേണ്ടി നിലകൊള്ളാന്‍ പ്രാപ്തനാകൂ !

സജിത്ത്
വ്യാഴം, 27 ഏപ്രില്‍ 2017 (17:49 IST)
മനസിന് ആശ്വാസമേകുന്ന ഒരു ഇടമാണ് ആരാധനാലയം. ജീവിതത്തിലെ കഷ്ടപ്പാടുകളിലും തിരക്കുകളിലും  അലച്ചിലിലും തളർന്നുപോകുമ്പോൾ അല്പം സമാധാനം തേടിയാണ് മിക്ക ആളുകളും ആരാധനാലയങ്ങളിൽ എത്താറുള്ളത്. എന്നാൽ തിരക്കുകൾ മൂലം അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ പോകാൻ പോലും കഴിയാത്ത എത്രയോ ആളുകളുണ്ട്. അവർ മനശാന്തിക്കായി അവരുടെ വീടുകളിലാണ് പ്രാർത്ഥനകളിൽ മുഴുകുന്നത്. പ്രാർത്ഥനകൾ മനസിന് ശാന്തി പകരുമോ? എന്തെല്ലാമാണ് പ്രാർത്ഥനയുടെ ഗുണങ്ങള്‍... നമുക്ക് നോക്കാം...
 
എല്ലാ പ്രാർത്ഥനകളും സമാധാനം നൽകില്ല എന്നതാണ് വസ്തുത. എനിക്ക് എത്രയും പെട്ടെന്ന് കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ടാക്കിത്തരണമേ എന്ന് ഒരാള്‍ പ്രാർത്ഥിക്കുകയാണെങ്കില്‍ അയാളുടെ സമാധാനം കൂടുതൽ നഷ്ടപ്പെടാന്‍ മാത്രമേ ആ പ്രാർത്ഥന സഹായിക്കൂ. എപ്പോളും നിങ്ങളുടെ സമാധാനത്തിനുവേണ്ടിയായിരിക്കരുത്, ലോകത്തിന്റെ മുഴുവൻ സമാധാനത്തിനുവേണ്ടിയായിരിക്കണം പ്രാർത്ഥിക്കേണ്ടത്. ലോകം സമാധാന പൂർണമാകുമ്പോൾ മത്രമേ എല്ലാവരുടെയും മനസുകളിൽ സമാധാനം നിറയുകയുള്ളൂ.
 
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന മന്ത്രം മനസിൽ ഉരുവിടുന്നത് വളരെ നല്ല കാര്യമാണ്. രാവിലെ എഴുന്നേറ്റ ശേഷം കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രം ഉരുവിടുകയാണെങ്കില്‍ മനസിൽ സ്വസ്ഥത വന്നു നിറയുമെന്ന സത്യം നമുക്ക് താനേ അറിയാന്‍ കഴിയും. മാത്രമല്ല, ഒരു പോസിറ്റീവ് എനർജി കൂടി നമ്മളില്‍ വന്നുനിറയുകയും ചെയ്യും. ഞാൻ സ്വന്തംകാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു സ്വാർത്ഥനല്ല, മറിച്ച് എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നയാളാണെന്ന് സ്വയം ഒരു വിശ്വാസം നമുക്ക് തോന്നുകയും ചെയ്യും.
 
പ്രപഞ്ചത്തിലെ ആദിശബ്ദമാണ് "ഓം" എന്ന മന്ത്രം. ഇത് ഉരുവിട്ടുനോക്കുമ്പോഴും പ്രകടമായ മാറ്റം നമുക്കനുഭവപ്പെടുന്നതായി കാണാന്‍ സാധിക്കും. ഈ മന്ത്രത്തില്‍ ജനനവും മരണവും മാത്രമല്ല പുനർജൻമവുമുണ്ടെന്നാണ് പറയപ്പെടുന്നത്. എല്ലാ ദുഃഖവും ബുദ്ധിമുട്ടുകളും നിരാശയും വിസ്‌മൃതിയിലാക്കാനും പുതിയ ഊർജ്ജം നിറയ്ക്കാനും ഈ മന്ത്രത്തിന് കഴിയും. മനസിനെ ശക്തമാക്കാനും ആത്മബോധം നിറയ്ക്കാനും കർമ്മത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം ഈ മന്ത്രം സഹായകമായിത്തീരുകയും ചെയ്യും.  
Next Article