ആത്മപരീക്ഷണത്തിന്‍റെ നാളുകള്‍

PROPRO
ഒരു മുസ്ലീമിന്‍റെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന മാസമാണ്‌ റമദാന്‍. അല്ലാഹുവില്‍ അവനുള്ള അചഞ്ചലമായ വിശ്വാസം ഭൗതിക സുഖങ്ങളും തമ്മില്‍ മത്സരിക്കുന്ന മാസം.

എല്ലാ പ്രതിസന്ധികളേയും മറികടക്കാനുള്ള സഹനശക്തിയാണ്‌ നോമ്പ്‌ കാലത്തിലൂടെ അവന്‍ ആര്‍ജ്ജിക്കേണ്ടത്‌. അതിലൂടെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും സഹജീവികളോടുള്ള സ്‌നേഹവും തെളിയിക്കപ്പെടുന്നു.

പകല്‍വെളിച്ചത്തില്‍ ആഹാരപാനീയങ്ങള്‍ മാത്രമല്ല ഒരു വിശ്വാസി ഉപേക്ഷിക്കുന്നത്‌, മനസിന്‍റെ ദുര്‍നടപ്പുകളും പ്രവൃത്തികളും കൂടിയാണ്‌. നോമ്പുകാലത്ത്‌ മനസില്‍ പോലും തെറ്റുകള്‍ കടന്നുവരാന്‍ പാടില്ല എന്നാണ്‌ പ്രമാണം.

വിശ്വാസികള്‍ക്ക്‌ ആത്മ സംസ്‌കരണം നടത്താനുള്ള അവസരമാണ്‌ റമദാന്‍. വിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച മാസം കൂടിയാണ്‌ റമദാന്‍. അതുകൊണ്ട്‌ തന്നെ ഖുര്‍ ആന്‍ പാരായണത്തിനും ഈ മാസത്തില്‍ പ്രാധാന്യമേറുന്നു.

മുഹമ്മദ്‌ നബിക്ക്‌ ലഭിച്ച ദൈവിക വെളിപാടുകളുടെ സമാഹാരമാണ്‌ ഖുര്‍ആന്‍ ‍. ‘വായിക്കപ്പെടുന്നത്‌’ എന്നാണ്‌ ഖുര്‍ ആന്‍ എന്ന പദത്തിന്‌ അര്‍ത്ഥം. നീണ്ട ഇരുപത്തി മൂന്ന്‌ വര്‍ഷത്തെ ദൈവിക വെളിപാടുകളില്‍ നിന്നാണ്‌ ഖുര്‍ ആന്‍ രുപപ്പെട്ടിരിക്കുന്നത്‌.

6236 വാചകങ്ങളാണ്‌ വെളിപാടുകളായി നബിക്ക്‌ ലഭിച്ചത്‌. ഇവയെ 114 അധ്യായങ്ങളിലായി മുപ്പത്‌ അധ്യായങ്ങളില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്‍റെ ഭക്തി മാര്‍ഗ്ഗം എങ്ങനെ വേണമെന്നതാണ്‌ അതിന്‍റെ ഇതിവ്രത്തം.

മനുഷ്യന്‍ സൂക്ഷ്‌മതയുള്ളവനായി തീരാന്‍ വേണ്ടിയാണ്‌ നോമ്പ്‌കാലം സത്യവിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. “നിങ്ങളുടെ മുന്‍ഗാമികള്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നത്‌ പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു” എന്ന്‌ ഖുര്‍ആന്‍ സത്യവിശ്വാസികളോട്‌ പറയുന്നു.

വെബ്ദുനിയ വായിക്കുക