ജീവിച്ചിരിക്കുന്നവരുടെ സങ്കടങ്ങളെക്കുറിച്ച് ആത്‌മഹത്യ ചെയ്‌തവര്‍ അറിയുന്നുണ്ടോ?

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (13:48 IST)
മരണം എന്നത് ജീവിതത്തേക്കാള്‍ വലിയ സത്യമാണെന്ന് ആരാണ് പറഞ്ഞത്? ആരുമാകട്ടെ. ഏറ്റവും വലിയ സത്യമാണ് മരണം. ജനിച്ചാല്‍ ഒരു ദിവസം മരിക്കും. ആര്‍ക്കും അത് തടഞ്ഞുനിര്‍ത്താനാവില്ല. അത് സ്വാഭാവികമായ ഒരു പരിണാമം തന്നെയാണ്. എന്നാല്‍ ആത്മഹത്യയോ?
 
ആത്മഹത്യ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണോ? കാമുകി മറ്റൊരാളുടെ കൂടെ ഓടിപ്പോയാല്‍ ആത്മഹത്യ ചെയ്താല്‍ മതിയോ? ആത്മഹത്യ ചെയ്താല്‍ ഓടിപ്പോയ കാമുകി തിരിച്ചുവരുമോ? ആത്മഹത്യ ചെയ്താല്‍ കടം തീരുമോ? കടമ തീരുമോ? ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷകരമായ ജീവിതം നയിക്കുമോ?
 
ഇല്ല എന്നാണ് ഉത്തരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത് കൂടുതല്‍ പ്രശ്നങ്ങളുടെ തുടക്കമാണ്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് ഒളിച്ചോടാന്‍ കഴിയുന്നു. അവരെ ചുറ്റി ജീവിച്ചിരിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വീഴുന്നു. തനിക്കുചുറ്റും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചാലോ? എല്ലാ പ്രശ്നങ്ങളും അവരുടെ മേല്‍ കെട്ടിവച്ചിട്ട് ഒറ്റയ്ക്ക് രക്ഷപ്പെടുന്നതിനെക്കാള്‍ വലിയ ഭീരുത്വമുണ്ടോ? ആത്മഹത്യ ചെയ്യുന്നവരെ ആരെങ്കിലും ബഹുമാനിക്കുമോ? സ്നേഹിക്കുമോ? ഭീരു എന്ന് എല്ലാവരും പലവട്ടം മനസില്‍ പറയുമെന്ന് തീര്‍ച്ച.
 
ജീവിക്കുമ്പോള്‍ ധൈര്യമായി ജീവിക്കുക. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നേറാന്‍ കഴിയുമെന്ന് കരുതുക. സങ്കീര്‍ണമായ പ്രശ്നങ്ങളെല്ലാം കടന്നുപോകുമെന്നും കൂടുതല്‍ തെളിച്ചമുള്ള പ്രഭാതങ്ങള്‍ പുലരുമെന്നും വിശ്വസിക്കുക. ജീവിതത്തിലെ റെഡ് സിഗ്നലിന് അധിക ആയുസില്ലെന്നും ഗ്രീന്‍ സിഗ്നല്‍ വരുമെന്നും സുഗമമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും കരുതുക.

അനുബന്ധ വാര്‍ത്തകള്‍

Next Article