സ്കൂളുകളെല്ലാം തുറന്ന് ഒരാഴ്ച പിന്നിടുകയാണ്. എങ്കിലും പല കുട്ടികള്‍ക്കും ഇപ്പോളും സ്കൂളില്‍ പോകാന്‍ മടിയാണ്. എന്താകും ആ മടിയുടെ കാരണം ? അതു ചിന്തിക്കാന്‍ നമ്മള്‍ ആരെങ്കിലും തയ്യാറാകാറുണ്ടോ ? ഒരു സംഭവം പറയാം. അഞ്ചു വയസുകാരന് സ്കൂളില്‍ പോകാന്‍ മടി. കാരണം കണ്ടെത്താന്‍ വീട്ടുകാര്‍ ഒരുപാട് പണിപ്പെടേണ്ടി വന്നു. അവസാനം കണ്ടെത്തിയപ്പോളോ അടുത്തിരിക്കുന്ന കുട്ടിയെ ഭയപ്പെടുത്തുന്നതായിരുന്നു ആ മടിക്ക് കാരണം.
കുഞ്ഞുങ്ങളുടെ മനസ്സ് മൃദുലമാണ്. പേടിപ്പിക്കുന്ന ഒരു നോട്ടം പോലുള്ള ചെറിയ ശിക്ഷ മാത്രം മതി ആ മനസ് വേദനിക്കാന്‍. ചെറിയ കുറ്റപ്പെടുത്തലുകള്‍ പോലും അവരെ വളരെയധികം വേദനിപ്പിക്കും. എന്തുകൊണ്ടെന്നെ കുറ്റപ്പെടുത്തി എന്നതിനെക്കാള്‍ എന്ന കുറ്റപ്പെടുത്തിയല്ലേ എന്ന ചിന്തയായിരിക്കും അവരുടെ മനസിലുണ്ടാകുക.
മനഃശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ 10 മുതല്‍ 15 ശതമാനം വരെയുള്ള കുട്ടികള്‍ വിഷാദം, മാനസിക സംഘര്‍ഷങ്ങള്‍, ആക്രമണ സ്വഭാവം, അസഹിഷ്ണുത മനോഭാവം എന്നിവ ഉള്ളവരാകണം. ഈ മനോവികാരങ്ങളെല്ലാം കുട്ടികള്‍ പലവിധത്തില്‍ പ്രകടിപ്പിക്കും.
വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ചിലര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നു. കുട്ടികളുടെ ആത്മഹത്യാ നിരക്കിലുണ്ടാകുന്ന വര്‍ധനവാണ് വിദ്യാലയങ്ങളോടനുബന്ധിച്ച് ബേധവത്ക്കരണ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ആവശ്യങ്ങളെ ശക്തിപ്പെടുത്തുന്നത്. മാര്‍ക്ക് കുറഞ്ഞതിനോ, തോറ്റതിനോ, അധ്യാപകര്‍ വഴക്കു പറഞ്ഞതോയൊക്കെയാവാം അവരുടെ മരണ കാരണങ്ങള്‍.
നഗരത്തിലെ വിദ്യാലയങ്ങളില്‍ മിക്കതിലും അധ്യാപകര്‍ തന്നെ കുട്ടികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. സ്വകാര്യ വിദ്യാലയങ്ങളില്‍ അത്യാവശ്യ ആവശ്യങ്ങള്‍ക്കായി നീക്കി വയ്ക്കാറുള്ള തുകയാണ് ഇതിന് വകയിരുത്തുന്നത്. ക്ളാസില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതും പാഠഭാഗങ്ങള്‍ പരിമിത സമയത്തില്‍ നീക്കാനാവാത്തതും അധ്യാപകരുടെ കൗണ്‍സിലിങ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
കുട്ടികളോടുള്ള മുതിര്‍ന്നവരുടെ സമീപനം പലപ്പോഴും കുഞ്ഞു മനസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ‘പഠിക്കാനുള്ളത് മുഴുവന്‍ പഠിച്ചാലേ അത്താഴം തരൂ’ എന്ന് ശഠിക്കുന്ന അമ്മയും നിസ്സാര തെറ്റിന് ക്ളാസില്‍ അധിഷേപിക്കുകയും പുറത്താക്കുകയും ചെയ്യുന്ന അധ്യാപകരുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ അറിയാതെ മുറിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന സത്യം നാം ഏവരും മനസിലാക്കേണ്ടിയിരിക്കുന്നു.
കുട്ടികള്‍ പലതരമാണ്; ഒരോരുത്തരുടേയും കഴിവുകളും വ്യത്യസ്തമാണ്. ഒരിക്കലും കുട്ടികളെ നമ്മുടെ വഴിക്ക് നടത്താന്‍ ശ്രമിക്കരുത്. സ്വതസിദ്ധമായ താത്പര്യങ്ങളില്‍ നിന്നുള്ള പറിച്ചു മാറ്റം കുട്ടികളില്‍ അസ്വാസ്ഥ്യം സൃഷ്ടിയ്ക്കും. കഴിവും താത്പര്യവും കണ്ടറിഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇതിന് കൗണ്‍സിലിങ് സെന്‍ററുകളുടെ സഹായം പ്രയോജനം ചെയ്യും.
മറ്റുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ഇത്തരത്തില്‍ ചെയ്യുന്നത് കുട്ടികളില്‍ അപകര്‍ഷതാ ബോധവും സ്പര്‍ദ്ധയും സൃഷ്ടിക്കുമെന്ന് മനശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളെ അകാരണമായി കുറ്റപ്പെടുത്തുമ്പോഴും ശ്രദ്ധിക്കുക. ചിലപ്പോള്‍ അതേറെ വിഷമം ഉണ്ടാക്കിയേക്കാം. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രശംസിക്കാന്‍ മടിക്കരുത്. അത് ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.
കുട്ടികളുമായുള്ള നല്ല ആശയവിനിമയത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഏറെയുമുള്ളത്. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. അത് വളര്‍ത്തി വലുതാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഒട്ടുമിക്ക പ്രശ്നങ്ങളും മുളയിലെ നുള്ളാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.