കുട്ടികള്‍ വളരുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്

കുട്ടികളുടെ സ്വഭാവരൂപീകരണമാണ് അവര്‍ക്കു വേണ്ടി അച്ഛനമ്മമാര്‍ക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. നല്ല ശീലങ്ങള്‍ കുട്ടികള്‍ക്ക് വീട്ടില്‍ നിന്നാണ് കിട്ടുന്നത്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുട്ടികള്‍ക്ക് ബാല്യത്തില്‍ തന്നെ പറഞ്ഞു കൊടുക്കുക.

കുട്ടികള്‍ അതിഥികള്‍ക്കു മുന്നില്‍ മോശമായി പെരുമാറുന്നത് അരോചകത്വമുണ്ടാക്കും. കുട്ടിക്കാലം മുതലെ കുട്ടികളെ വിനയവും സത്യസന്ധതയും പരിശീലിപ്പിക്കുക. അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കുട്ടികളെ ശിക്ഷിക്കരുത്. സത്യം പറയുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന തിരിച്ചറിവ് കുട്ടിയെ വിഷമത്തിലാക്കും എന്ന് മനസ്സിലാക്കുക.

നിങ്ങള്‍ കുട്ടിക്ക് നല്ല മാതൃകയാകുക. നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ കുട്ടിയുടെ മുന്നില്‍ അത് അംഗീകരിക്കുക. കുടുംബത്തിനുള്ളില്‍ നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നത് സത്യസന്ധവും വിനയപൂര്‍വ്വവും ആകണം. കുട്ടിക്കത് നല്ല മാതൃകയാകും.

നല്ല കാര്യങ്ങള്‍ എത്ര ചെറുതായാലും കുട്ടിയെ അഭിനന്ദിക്കുക. ഇതു ദിവസവും ആകാം. ക്രമേണ കുട്ടി നല്ലത് സ്വയം തിരിച്ചറിയാന്‍ തുടങ്ങും. നല്ല കാര്യങ്ങള്‍ക്കേ അഭിനന്ദനം ആകാവൂ. ജിജ്ഞാസയോടെ കണ്ണുകളില്‍ നോക്കി അഭിനന്ദിക്കുക. ഓരോതവണയും വാക്കുകള്‍ക്ക് വ്യത്യസ്തത വേണം.

പിടിവാശി കാട്ടുന്ന കുട്ടിയോട് അതിന്‍റെ ദോഷഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. തെറ്റു തിരുത്തുന്നതിലൂടെ തന്നെ മുന്നോട്ടുപോകുക. ചട്ടങ്ങളും നിയമങ്ങളും മാതാപിതാക്കളോ അദ്ധ്യാപകരോ അടിച്ചേല്‍പ്പിച്ചാ‍ല്‍ കുട്ടികള്‍ കടുത്ത പിടിവാശിയും അസ്വസ്ഥതയും കാണിക്കും.

നല്ല പെരുമാറ്റത്തിന് അപ്പോള്‍ തന്നെ അഭിനന്ദനം നല്‍കുക. കൊച്ചുകുട്ടിയാണെങ്കില്‍ ആശ്ലേഷിക്കുകയോ ചുംബിക്കുകയോ തലോടുകയോ ആകാം. പിടിവാശിക്കു ശേഷം കുട്ടി ശാന്തനാകുമ്പോള്‍ പകരം നിങ്ങള്‍ക്കും സ്വീകാര്യമായ ചെറിയൊരു വാഗ്ദാനം കുട്ടിക്കു നല്‍കുന്നത് അവരെ സന്തോഷിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍