കുട്ടികള്‍ അടുത്തുള്ളപ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ മുന്‍പില്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ വളരെ കണ്ടും ശ്രദ്ധിച്ചും വേണം ചെയ്യാന്‍.
കുട്ടികളുടെ മുന്‍പില്‍ വേണ്ടാത്ത വാക്കുകള്‍, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, കള്ളങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കാന്‍ നോക്കുക.ബുദ്ധിവളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ ചുറ്റുമുള്ള കാര്യങ്ങള്‍ വളരെ വേഗത്തില്‍ ഉള്‍ക്കൊള്ളും.മനസ്സിലാക്കിയും അര്‍ത്ഥം മനസ്സിലാക്കാതെയും അവര്‍ വാക്കുകള്‍ പ്രയോഗിക്കും.ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വീട്ടില്‍ മാത്രമല്ല ഉണ്ടാകുന്നത്.സ്കൂളില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെ കുട്ടികള്‍ പല അനാവശ്യ കാര്യങ്ങളും പഠിച്ചെടുത്തേക്കാം.
കുട്ടികളുടെ ചില പദപ്രയോഗങ്ങള്‍ രക്ഷിതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിക്കാറുണ്ട്. മാതാപിതാക്കളുടെ അമ്പരപ്പ് ബുദ്ധികൂര്‍മ്മതയുള്ള കുട്ടികള്‍ ആയുധമാക്കുന്നു.പിന്നെ തുടരെത്തുടരെ ആ വാക്കുകള്‍ തന്നെ അവര്‍ പ്രയോഗിക്കുന്നു. വിരുന്നുകാരുടെ മുന്‍പില്‍ കുട്ടികളുടെ ഇത്തരത്തിലുള്ള പദപ്രയോഗം രക്ഷിതാക്കള്‍ക്ക് പലപ്പോഴും അപമാനമുണ്ടാക്കുന്നു.അതോടെ കുട്ടികളുടെ മേല്‍ ശിക്ഷാനടപടികള്‍ ആരംഭിക്കുകയായി.
തീര്‍ച്ചയായും കുട്ടികള്‍ സ്വയം കണ്ടെത്തുന്നതല്ല ഇത്തരം വാക്കുകള്‍.സ്വന്തം വീട്ടില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും, സ്കൂളില്‍ നിന്നുമൊക്കെ ഇത്തരം വാക്കുകള്‍ കുട്ടിക്ക് ലഭിക്കുന്നു. ഈ വാക്കുകള്‍ എവിടെ നിന്ന് കുട്ടി പഠിച്ചെടുക്കുന്നു എന്ന് മനസ്സിലാക്കി അത്തരം സാഹചര്യങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുക.
അരുതാത്ത വാക്കുകള്‍ വിളിച്ചു പറയുമ്പോള്‍ , കള്ളം പറയുമ്പോള്‍ അതിന്‍റെ ഭവിഷ്യത്തും അര്‍ത്ഥവും കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കണം.അവയെ മഹാ അപരാധമായിക്കണ്ട് ശിക്ഷാനടപടികള്‍ക്ക് മുതിരുന്നത് മഠയത്തമാണ്.