ചരിത്രമുറങ്ങുന്ന ഇടയ്ക്കല്‍ ഗുഹ

Webdunia
ചരിത്രവിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തുന്ന ഇടയ്ക്കല്‍ ഗുഹ അതിന്‍െറ ചരിത്രപ്രാധാന്യത്തോടെ പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. എന്താണ് ഇടയ്ക്കല്‍ ഗുഹയുടെ പ്രാധാന്യം എന്നല്ലേ? പറയാം.

അത് ഒരു മഹത്തായ സംസ്ക്കാരത്തിന്‍െറ ചിഹ്നമാണ്. അതെ, പ്രാചീന ശിലായുഗത്തിലെ ചുമര്‍ചിത്രങ്ങള്‍. ചരിത്രവിദ്യാര്‍ത്ഥികള്‍ മുതല്‍ വിനോദസഞ്ചാരികളെ വരെ ആകര്‍ഷിക്കുന്ന മഹത്തായ സൃഷ്ടി. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇടയ്ക്കല്‍ ഗുഹ.

ഇടക്കലിലെ രണ്ടു ഗുഹകളിലാണ് ചുമരെഴുത്തുകളും ചിത്രങ്ങളുമുള്ളത്. പുരാവസ്തു ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ 7000 വര്‍ഷം പഴക്കമുണ്ടിതിന്. വരയും കുറിയും കൊണ്ട് അലംകൃതമായ ഈ സൃഷ്ടി യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതനിരകളിലും അഫ്രിക്കയിലും കണ്ടെത്തിയ ചുമര്‍ ചിത്രങ്ങളോട് സാമ്യം പുലര്‍ത്തുന്നു.

അമ്പുകുത്തി മലയുടെ ഉച്ചിയില്‍ 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ എത്തിച്ചേരാന്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഉല്ലാസപ്രദമായ ഒരു ട്രെക്കിംഗ് നിങ്ങള്‍ക്കിവിടെ അനുഭവപ്പെടും. രാവിലെ മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഗുഹയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ഇനി ചുമരെഴുത്തിനെപ്പറ്റി പറയാം. അത്യപൂര്‍വ്വവും അസാധാരണവുമായ തരത്തിലുള്ള ചുമരെഴുത്തുകള്‍ എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയ ശിലായുഗത്തിന്‍െറ തെളിവുകള്‍! നിയോലിത്തിക് മനുഷ്യന്‍െറ ആവാസകേന്ദ്രമായിരിക്കണം ഇവിടം. മൈസൂര്‍ കാടുകളില്‍ നിന്ന് മലബാറിലേക്കുള്ള പുരാതന പാത ഇടയ്ക്കല്‍ വഴി കടന്നുപോകുന്നു.
ചരിത്രപ്രാധാന്യമുള്ള ഇടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.