ഓസ്കര്‍ ഉയരത്തില്‍ ‘നോ കണ്ട്രി’

PRO
എണ്‍പതാം അക്കാദമി അവാര്‍ഡില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചിത്രമായി “ നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍”. ഏറ്റവും നല്ല ചിത്രം, സംവിധാന മികവ്, സ്വീകരിക്കപ്പെട്ട ഏറ്റവും നല്ല തിരക്കഥ, മികച്ച സഹനടന്‍ എന്നിങ്ങനെ നാല് മികച്ച നേട്ടങ്ങളാണ് ഇത്തവണത്തെ ഓസ്കറില്‍ ഈ ചിത്രം കൈപ്പിടിയില്‍ ഒതുക്കിയത്.

“ നൊ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍” എന്ന ചിത്രം സംവിധാനം ചെയ്തത് സാധാരണ അനുഭമായിരുന്നു എന്നാണ് സഹോദരന്‍‌മാരായ ജോയല്‍ കോയനും എഥാം കോയനും അഭിപ്രായപ്പെട്ടത്. കുട്ടിക്കാലം മുതലേ മൂവി ക്യാമറ ഉപയോഗിച്ചു തുടങ്ങിയതിനാല്‍ ഓസ്കര്‍ നേടിയ ചിത്രത്തിന്‍റെ ജോലിയില്‍ പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല എന്നും പ്രശസ്തരായ സഹോദരന്‍‌മാര്‍ പറഞ്ഞു.

‘വയലന്‍റ് ത്രില്ലര്‍’ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തെ മികച്ചതാക്കിയത് കോയന്‍ ‍(ജോയല്‍, എഥാം) സഹോദരന്‍‌മാരുടെ സംവിധാന മികവു തന്നെയാണെന്ന് നിസ്സംശയം പറയാം. മയക്കുമരുന്നിന്‍റെ ലോകത്തെ അവിശുദ്ധ ഉടമ്പടികള്‍ കൊലപാതകങ്ങളില്‍ അവസാനിക്കുന്ന കഥയാണ് “ നൊ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍” പറയുന്നത്. ഓസ്കര്‍ നോമിനേഷന്‍ ലഭിക്കും മുമ്പ് തന്നെ ഈ ചിത്രം ആസ്വാദകരുടെ കൈയ്യടി നേടിയിരുന്നു.

ഈ ചിത്രത്തില്‍ ലവലേശം ദയയില്ലാത്ത ഒരു കൊലപാതകിയെ അവതരിപ്പിച്ച ജാവിയര്‍ ബാര്‍ഡമിനാണ് മികച്ച സഹനടനുള്ള ഓസ്കര്‍ അവാര്‍ഡ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക