അമേരിക്കന്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച

WDPRO
ആദ്യ ഫ്രെയിം മുതല്‍ അവസാ‍ന ഫ്രെയിം വരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്ര കാവ്യം - അതാണ് നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മെന്‍. എമ്പതാം ഓസ്കാര്‍ അവാര്‍ഡ് ചടങ്ങില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനും മികച്ച സ്വീകൃത തിരക്കഥയ്ക്കും മികച്ച സഹനടനും അടക്കം നാല് പുരസ്കാരങ്ങള്‍ ഈ ചിത്രം വാരിക്കൂട്ടി.

കോര്‍മാക്ക് മെക് കാര്‍ത്തിയുടെ പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ നോവലിന്‍റെ ചലച്ചിത്ര ഭാഷ്യമാണ് ഫാര്‍ഗോയോയിലൂടെ തിരക്കഥയുടെ ശക്തിയും ഓജസ്സും തെളിയിച്ച കോയന്‍ സഹോദരന്‍‌മാര്‍ ഇക്കുറി അവതരിപ്പിച്ചത്.

നോവലിന്‍റേ കരുത്ത് ഒട്ടും ചോര്‍ന്നുപോവാതെ കഥാ പാത്രങ്ങളുടെ മികവ് ഒട്ടും കുറയാതെ ഹൃദ്യമായ ചലച്ചിത്ര അനുഭവമാക്കുക എന്നത് ദുഷ്കരമായ പ്രവൃത്തിയാണ്. ഈ അത്ഭുത സഹോദരന്‍‌മാര്‍ അത് സാധിച്ചിരിക്കുന്നു.

സമകാലിക അമേരിക്കന്‍ ജീവിതത്തിന്‍റെ നേര്‍ പകര്‍പ്പാണ് ഈ ചിത്രം. നടുക്കത്തോടെ മാത്രമേ ആര്‍ക്കും അത് കണ്ടിരിക്കാനാവു. ഇങ്ങനെയാണ് നമ്മള്‍ പ്രത്യേകിച്ചും അമേരിക്കക്കാര്‍ ജീവിക്കുന്നത് എന്ന വിഹ്വലമായ ഒരു തിരിച്ചറിവ് ഇത് സമ്മാനിക്കുന്നു.
WDWD


മൂന്ന് നടന്‍‌മാരുടെ അതുല്യമായ അഭിനയ പാടവമാണ് ഈ സിനിമയുടെ ശക്തി. ടോമി ലീ ജോണ്‍സ്, ജാവിയര്‍ ബാര്‍ഡെം, ജോഷ് ബ്രോലിന്‍ എന്നിവര്‍ മുഴുനീള കഥാപാത്രങ്ങളാണ്. അവര്‍ക്കൊപ്പം വൂഡി ഹാരല്‍‌സണ്‍, കെല്ലി മക് ഡൊണാള്‍ഡ്, ടെസ് ഹാര്‍പ്പര്‍ എന്നിവരും അഭിനയത്തിന്‍റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു.


PROPRO
ദൃശ്യപരമായി ഉദാത്തമായ ഒരു അനുഭവമാണ് നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മെന്‍. അതേപോലെ ശബ്ദമികവിലും ഇത് മുന്നില്‍ തന്നെ. ജാവിയര്‍ ബാര്‍ഡം അവതരിപ്പിക്കുന്നത് കരുണയില്ലാത്ത കൊലയാളിയെയാണ്. ചിത്രത്തിന്‍റെ ആദ്യത്തെ രംഗത്തില്‍ തന്നെ പിടിയിലായ ചികുര്‍ എന്ന കൊലയാളി സ്റ്റേഷനില്‍ എത്തിയയുടന്‍ കൈയാമം കൊണ്ട് പൊലീസ് ഓഫീസറെയും കൊന്ന് കാര്‍ തട്ടിയെടുക്കാന്‍ ഡ്രൈവറെയും കൊന്ന് രക്ഷപ്പെടുന്നതാണ്.

ടെക്സാസിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്. കോയന്‍‌മാരുടെ പതിവ് ഛായാഗ്രാഹകന്‍ റോജര്‍ ഡീക്കിന്‍സ് പ്രകൃതിയുടെ മാത്രമല്ല ഫ്രെയിമുകളുടെയും മനോഹാരിത അപാരമാക്കി. നിശ്ശബ്ദതയുടെ സംഗീതമാണ് പലപ്പോഴും ചിത്രത്തെ വല്ലാത്തൊരു അനുഭവമാക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂര്‍ ഏതാണ്ട് നിശ്ശബ്ദമാണെന്ന് തന്നെ പറയാം. അല്‍പ്പം ചില സംഭാഷണങ്ങള്‍ ഒഴിച്ചാല്‍.

ടോമി ലീ ജോണ്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് അഭിനയിക്കുന്നത്. ലെവ്‌ലിന്‍ മോസ് എന്ന മയക്കുമരുന്ന് തലവനെയാണ് ജോഷ് ബ്രോലിന്‍ അവതരിപ്പിക്കുന്നത്.

ചിത്രം പലപ്പോഴും ഇരുണ്ടതാണ്. വളരെയധികം ഭീകരമാണ്. അങ്ങനെ നോവലിനോട് നൂറു ശതമാനം നീതിപുലര്‍ത്താനും കോയന്‍ ബ്രദേഴ്സ് ശ്രമിക്കുകയും ചെയ്തിരിക്കുന്നു.