തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര സ്മാരക സ്കോളര്‍ഷിപ്പ്‌

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (18:13 IST)
2009-ലെ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര സ്മാരക സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന്‌ മെഡിക്കല്‍/എഞ്ചിനീയറിങ്‌/വെറ്റിനറി/ബിരുദാനന്തര കോഴ്സുകള്‍ക്ക്‌ 2009-10 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ശ്രീ ചിത്തിര തിരുനാള്‍ സ്കോളര്‍ഷിപ്പ്‌, ശ്രീമതി സേതുപാര്‍വ്വതീഭായി സ്കോളര്‍ഷിപ്പ്‌ എന്നിവയാണ്‌ നല്‍കുന്നത്‌. അപേക്ഷകര്‍ 2009 മാര്‍ച്ച്‌/ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ നടന്ന വര്‍ഷാന്ത്യ പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം.

കോഴ്സ്‌, പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ നേടേണ്ട കുറഞ്ഞ മാര്‍ക്ക്‌ എന്നിവ ക്രമത്തില്‍ ചുവടെ: ഡിഗ്രി/പി.ജി (സയന്‍സ്‌)- 60, 55, ഡിഗ്രി/പി.ജി (ആര്‍ട്സ്‌/കൊമേഴ്സ്‌) - 55, 50, ഡിപ്ലോമ, മെഡിക്കല്‍/ എഞ്ചിനീയറിങ്‌/ വെറ്റിനറി- 60, 55 ശതമാനം. സ്കോളര്‍ ഷിപ്പിനുള്ള നിശ്ചിത അപേക്ഷ ഫോറം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ കോളജ്‌ പ്രിന്‍സിപ്പാല്‍മാരില്‍ നിന്നോ ലഭിക്കും.

അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ്‌ എന്നിവയുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം ഒക്ടോബര്‍ 20ന്‌ മുമ്പ്‌ സ്ഥാപന മേധാവി മുഖേനയോ, സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടി നേരിട്ടോ, പട്ടികജാതി വികസന വകുപ്പു ഡയറക്‌ടര്‍, നിര്‍മ്മിതി കേന്ദ്രം ബില്‍ഡിംഗ്സ്‌, പി റ്റി പി നഗര്‍, തിരുവനന്തപുരം-38 വിലാസത്തില്‍ അയക്കണം.

വെബ്ദുനിയ വായിക്കുക