കോഴിക്കോട്ടുനിന്ന്‌ കാറ്റ്‌വാക്കിലേക്ക്‌

FILEFILE
ഫാഷന്‍ ഷോയെന്ന്‌ കേട്ടാല്‍ അന്തംവിടുന്ന ഒരുകാലം കടന്ന്‌ പോയി. ഇന്ന്‌ ടെക്‌സ്റ്റെയില്‍ ഷോറൂമുകളില്‍ പുതിയൊരു വസ്ത്രമെത്തിയാല്‍ ഫാഷന്‍ ഷോ ഒരുങ്ങുകയായി. പുതിയതായെത്തിയ വസ്ത്രമണിഞ്ഞ്‌ തരുണീമണികളും പുരുഷകേസരികളും വാങ്ങാനെത്തുന്നവരെ പ്രലോഭിപ്പിക്കും.

അതെ, ഫാഷന്‍ ഷോകള്‍ നമ്മുടെ ചെറിയ കേരളീയ ജീവിതത്തിന്റെയും ഭാഗമാവുകയാണ്‌. കൊച്ചിയിലെ ശീമാട്ടിയിലും കോഴിക്കോട്ടെ സില്‍ക്ക്‌ പാര്‍ക്കിലും കാറ്റ്‌വാക്ക്‌ നടത്താന്‍ മോഡലുകള്‍ എത്തുമ്പോള്‍ നമുക്കും ഒന്ന്‌ എത്തിനോക്കണ്ടേ?

ഫാഷന്‍ കൊറിയോഗ്രഫറായ ഡാലുവുമായി സമീര നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ -

ചോദ്യം: കോഴിക്കോട്ടുനിന്ന്‌ കാറ്റ്‌വാക്കിലേക്കുള്ള പാത സ്വയം കണ്ടെത്തിയതോ ആരെങ്കിലും കാണിച്ചുതന്നതോ? ഫാഷന്റെ ലോകം തിരഞ്ഞെടുക്കാനുണ്ടായ പ്രചോദനവും സാഹചര്യവും ഒന്ന്‌ വിശദീകരിക്കാമോ?

ഡാലു: കാറ്റ്‌വാക്കിലേക്കുള്ള പാത സ്വയം കണ്ടെത്തിയതുതന്നെ. അതിനെന്നെ സഹായിക്കാന്‍ പലരും ഉണ്ടായിരുന്നു. എന്ന്‌ മാത്രം. അമ്മയെയും അച്ഛനെയും അച്ഛന്റെ കൂട്ടുകാരെയുമൊക്കെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഓര്‍ക്കുന്നു, അവര്‍ക്ക്‌ നന്ദി പറയുന്നു.

എന്റെ അച്ഛന്‍ കൃഷ്ണദാസിന്‌ കോഴിക്കോക്കൊരു ലോഡ്ജുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കൊരു ഇടത്താവളം കൂടിയായിരുന്നു ഈ ലോഡ്ജ്‌. ലോഡ്ജിന്റെ ഏറ്റവും മുകളിലെ ഒരു മുറി,

വിരുന്നുകാരായി വരുന്ന സിനിമാക്കാര്‍ക്കായി അച്ഛന്‍ റിസര്‍വ്വ്‌ ചെയ്‌തിടുമായിരുന്നു. പ്രേംനസീറും ബാബുരാജുമൊക്കെ ഈ ലോഡ്ജിലെ നിത്യസന്ദര്‍ശകരായിരുന്നു. അങ്ങനെ കലാരംഗവുമായി എനിക്കെന്റെ ആദ്യപരിചയം അച്ഛന്റെ ലോഡ്ജില്‍ നിന്ന്‌ കിട്ടി.

കുട്ടിക്കാലത്ത്‌ ചിത്രരചനയിലായിരുന്നു എനിക്ക്‌ കമ്പം. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ അതൊക്കെ വിട്ടു. ഊട്ടിയിലും കേരളത്തിലുമായാണ്‌ പഠിച്ചത്‌. പഠിത്തം കഴിഞ്ഞ്‌ ജോലിയന്വേഷിച്ച്‌ ഗള്‍ഫില്‍ എത്തിയതാണ്‌ എനിക്ക്‌ വഴിത്തിരിവായത്‌.

ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിലെ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വകുപ്പിലായിരുന്നു ജോലി. അവിടെ വച്ചാണ്‌ ഫാഷന്‍ രംഗവുമായി അടുത്തിടപഴകുന്നത്‌. അന്നേ തീരുമാനിച്ചതാണ്‌ റാമ്പ്‌വാക്കിംഗുമായി ബന്ധപ്പെട്ടാണ്‌ എന്റെ കരിയറെന്ന്‌.

എന്നെ ഒരു സിനിമാനടന്‍ ആക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ എന്നെ ആകര്‍ഷിച്ചത്‌ ഫാഷന്‍ രംഗമായിരുന്നു. ഫാഷന്‍ രംഗമെന്നോ മോഡലിംഗെന്നോ കേട്ടാല്‍ കലിതുള്ളുന്നവരായിരുന്നു എന്റെ ബന്ധുക്കളില്‍ പലരും. അമ്മയാണ്‌ അപ്പോഴൊക്കെയും എനിക്ക്‌ തുണയായി നിന്നത്‌. സത്യത്തില്‍ സ്ത്രീയായിട്ടും അമ്മ കാണിച്ച ധൈര്യം എനിക്ക്‌ ഒരു പുതിയ സംഗതിയായിരുന്നു. അപ്പോഴും ഇപ്പോഴും എന്റെ റോള്‍ മോഡലാണ്‌ എനിക്കമ്മ.

ഗള്‍ഫില്‍ നിന്ന്‌ നേരെ എത്തിയത്‌ സൗത്ത്‌ ഇന്ത്യയിലെ ഫാഷന്റെ കളിത്തൊട്ടിലായ ചെന്നൈയില്‍. തിരിഞ്ഞ്‌ നോക്കുമ്പോള്‍ അഭിമാനിക്കാന്‍ ഒരു പാട്‌ വകയുണ്ട്‌. മിസ്സ്‌ സൗത്ത്‌ ഇന്ത്യാ മത്സരങ്ങളടക്കം ഒരുപാട്‌ മെഗാ ഇവന്റുകളില്‍ ഭാഗഭാക്കാവാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ചോദ്യം: സുന്ദരികളായ പെണ്‍കുട്ടികളുമായിട്ടാണല്ലോ എപ്പോഴും കൂട്ട്‌. എന്നിട്ടും എന്തേ വിവാഹം ചെയ്യാതിരുന്നത്‌? അതോ പണ്ട്‌ മനോരമയ്ക്ക്‌ കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞതുപോലെ “ഫാഷനാണ്‌ എന്റെ കാമുകി”എന്നുതന്നെയാണോ ഇപ്പോഴും സ്റ്റാന്‍ഡ്‌? എന്താണീ സ്റ്റാന്‍ഡിന്‌ പിന്നിലെ ഫിലോസഫി?

ഡാലു: സ്റ്റാന്‍ഡ്‌ അതുതന്നെ! എന്റെ കാമുകിയിപ്പോഴും എപ്പോഴും ഫാഷന്‍ മേഖലയാണ്‌. പങ്കാളിയോട്‌ പാലിക്കേണ്ട ട്രഡീഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ എനിക്കിഷ്ടമല്ല. ഈ കമ്മിറ്റ്‌മെന്റുകളൊക്കെ പ്രതീക്ഷിച്ചാവുമല്ലോ ആണും പെണ്ണും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌.

എന്റെ കാര്യത്തില്‍ ഞാനീ കമ്മിറ്റ്‌മെന്റുകളില്‍ എനിക്കൊട്ടും വിശ്വാസമില്ല. ഞാനീ പറഞ്ഞതിനെ സ്ത്രീകളോടുള്ള വിരോധമായി വ്യാഖ്യാനിക്കരുതേ. എനിക്ക്‌ ഏറ്റവും കംഫര്‍ട്ടബിളായി തോന്നിയിട്ടുള്ളത്‌ സ്ത്രീകളുമായുള്ള ബന്ധമാണ്‌. എന്റെ കൂട്ടുകാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ.

അസിനും നയനും മലയാളി നടിമാരും


അസിനും നയനും മലയാളി നടിമാരും

FILEFILE
ചോദ്യം: ഫാഷന്‍ മേഖലയും സിനിമ, ടിവി, പരസ്യ മേഖലകളും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന്‌ തോന്നുന്നു. ഇവിടെ കണ്ടവരെ അവിടെ കാണുന്നു, അവിടെ കണ്ടവരെ ഇവിടെ കാണുന്നു. മോഡലുകളുടെ കാര്യമാണ്‌ ഞാന്‍ പറയുന്നത്‌. എങ്ങനെയാണ്‌ സിനിമാനായികമാരില്‍ നിന്ന്‌ ഫാഷന്‍ മോഡലുകള്‍ക്കുള്ള വ്യത്യാസം?

ഡാലു: ഫാഷന്‍ മോഡലിംഗ്‌ ചിട്ടയായി പഠിച്ചെടുക്കേണ്ട ഒരു കലയാണ്‌. കഥകളി പോലെ, ആയോധനകല പോലെ വര്‍ഷങ്ങളോളം പഠിച്ചാണ്‌ ഒരു ഫാഷന്‍ മോഡല്‍ പൂര്‍ണ്ണതയില്‍ എത്തുന്നത്‌. ഇങ്ങനെയൊന്ന്‌ സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കുണ്ടോ?

മോഡലുകള്‍ അവശ്യം കടന്നുപോവേണ്ട ഒന്നാണ്‌ ഗ്രൂമിംഗ്‌ സെഷനുകള്‍. പേഴ്‌സണാലിറ്റി ഡവലപ്പ്‌മന്റ്‌ പ്രോഗ്രാമുകളാണവ. എങ്ങനെ വസ്‌ത്രം ധരിക്കണം എന്ന്‌ മാത്രമല്ല, എങ്ങനെ മറ്റുള്ളവരുമായി ഇടപഴകണം, എങ്ങനെയായിരിക്കണം ചലനങ്ങള്‍ എന്നുവരെ ഗ്രൂമിംഗ്‌ സെഷനുകളിലൂടെ മോഡലുകള്‍ പഠിച്ചെടുക്കും. ഇതൊന്നും ഭൂരിഭാഗം മലയാളി നടിമാര്‍ക്കും ഇല്ലെന്ന്‌ പറയാന്‍ എനിക്കൊരു മടിയുമില്ല.

മലയാളത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമാനടികള്‍ക്ക്‌ പോപ്പുലാരിറ്റിയുണ്ട്‌ എന്ന്‌ ഞാന്‍ സമ്മതിക്കുന്നു. ഈ പോപ്പുലാരിറ്റി മുതലെടുക്കാന്‍ പരസ്യക്കമ്പനികള്‍ ഇവരെ സമീപിക്കുന്നു. എന്നാല്‍ നടികള്‍ അഭിനയിക്കുന്ന പരസ്യങ്ങളില്‍ ഉല്‍പ്പന്നം അവഗണിക്കപ്പെടുന്നു. അതായത്‌ നടി വിജയിക്കുന്നു, ഉല്‍പ്പന്നം പരാജയപ്പെടുന്നു എന്നര്‍ത്ഥം.

ചോദ്യം: തമിഴിലും തെലുങ്കിലും എന്തിന്‌ ഹിന്ദിയില്‍ പോലും കഴിവ്‌ തെളിയിച്ചിട്ടുള്ളവരാണ്‌ മലയാളി നടിമാര്‍. അസിനും വിദ്യാബാലനും നയന്‍താരയും മറ്റും നിലവിലുള്ള ഉദാഹരണങ്ങള്‍. മലയാളി നടിമാര്‍ക്കെതിരെയുള്ള ഡാലുവിന്റെ വാദം ഒന്ന്‌ വിശദീകരിക്കാമോ?

ഡാലു: സൗന്ദര്യമെന്നത്‌ വലിയ കണ്ണുകളും നിറവും വട്ടമുഖവും തടിച്ച ശരീരവുമല്ല. സൗന്ദര്യമെന്നത്‌ ആത്മാവിന്റെ പ്രകാശനം കൂടിയാണ്‌. അതായത്‌ ബുദ്ധിയുടെ വലിയൊരു പങ്ക്‌ ആവശ്യപ്പെടുന്നുണ്ട്‌ സൗന്ദര്യം. അതുള്ളവര്‍ മലയാളി നടിമാരില്‍ വളരെ കുറവാണ്‌. മലയാളി നടിമാരില്‍ അസിനും നയന്‍താരയ്ക്കും ഒഴികെ മറ്റാര്‍ക്കെങ്കിലും ഞാനീപ്പറഞ്ഞ രീതിയിലുള്ള സൗന്ദര്യമുള്ളതായി തോന്നിയിട്ടില്ല.

ഇതിന്‌ നടിമാരെ മാത്രം ഞാന്‍ കുറ്റം പറയില്ല. മലയാള സിനിമയ്ക്ക്‌ ബുദ്ധിയുള്ളവരെ വേണ്ട. പഴക്കച്ചൂരുള്ള നായികാ കഥാപാത്രങ്ങളെ അഭിനയിച്ച്‌ ഫലിപ്പിക്കാന്‍, പഴയകാല സൗന്ദര്യ സങ്കല്‍പ്പങ്ങളോട്‌ ഒത്തുപോവുന്ന നടിമാര്‍ മതി. ഇതാണ്‌ മലയാള സിനിമയില്‍ സംഭവിക്കുന്നത്‌. യൗവനകാലം മുഴുവന്‍ ഈ നടിമാര്‍ പോപ്പുലാരിറ്റിയുടെ ആനപ്പുറത്ത്‌ അങ്ങനെ പോവും. മുപ്പത്‌ വയസ്സ്‌ കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന്‌ ഔട്ടാവും. പിന്നെ ഏതെങ്കിലും വാരികയില്‍ ഇന്റര്‍വ്യൂ സംഘടിപ്പിച്ച്‌ “ഇവിടെ ജീവിച്ചിരിപ്പുണ്ടേ” എന്ന്‌ വായനക്കാരെ അറിയിക്കും.

മോഡലുകളുടെ കരിയര്‍ അങ്ങനെയല്ല. ആരോഗ്യമുള്ള ശരീരവും വ്യക്തിപരമായ സൗന്ദര്യബോധവും പോസറ്റീവ് മനോഭാവവുമൊക്കെ അവരുടെ പ്രത്യേകതകളാണ്‌. മറ്റുള്ളവരെ അനുകരിക്കലല്ല മോഡലുകള്‍ ചെയ്യുക. പകരം സ്വന്തം വ്യക്തിത്വപ്രകാശനം എങ്ങനെ നടത്താം എന്ന്‌ അന്വേഷിക്കലാണ്‌ ഇവരുടെ വഴി. അതായത്‌ നടിമാര്‍ കണ്ണാടി കാണുമ്പോള്‍ മോഡലുകള്‍ സ്വന്തം ഉള്ള്‌ കാണുന്നു എന്ന്‌ സാരം.

അടുത്ത ഭാഗം - ഫാഷന്‍ ടിവി വഴി തെറ്റിക്കുമോ?


ഫാഷന്‍ ടിവി വഴി തെറ്റിക്കുമോ?

FILEFILE
ചോദ്യം: ഫാഷന്‍ രംഗത്തെ ടിവി മീഡിയയുമായി ബന്ധിപ്പിച്ച എഫ്‌ ടി വ്ക്ക്‌ ഇന്ത്യയിലെന്തോ ശനിദശയാണ്‌. എഫ്‌ ടി വി നിരോധിക്കണമെന്ന്‌ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും അലമുറയിട്ടുകൊണ്ടിരിക്കുന്നു. സത്യം പറഞ്ഞാല്‍ അര്‍ദ്ധരാത്രിക്ക്‌ എഫ്‌ ടി വിയില്‍ വരുന്ന മിഡ്‌നൈറ്റ്‌ ഷോകള്‍ സ്വല്‍പ്പം ഹോട്ടുതന്നെ. എഫ്‌ ടി വിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പറ്റി ഡാലു എന്ത്‌ പറയുന്നു?

ഡാലു: എന്തിന്‌ എഫ്‌ ടി വി ബാന്‍ ചെയ്യണം? എന്തിനാണ്‌ മതസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും എഫ്‌ ടി വിക്കെതിരെ അലമുറയിടുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കുട്ടികള്‍ വഴി തെറ്റിപ്പോവും എന്നാണ്‌ പ്രധാന ആരോപണം. എഫ്‌ ടി വി കണ്ടാല്‍ മാത്രമാണോ കുട്ടികള്‍ വഴിതെറ്റുക? വഴിതെറ്റാന്‍ ഉറച്ചവര്‍ വഴിതെറ്റും.

അതിന്‌ ഫാഷന്‍ ടിവി കാണണമെന്നില്ല. നല്ല രീതിയില്‍ വളര്‍ത്താന്‍ ആളില്ലാത്തതിനാലാണ്‌ കുട്ടികള്‍ വഴിതെറ്റുന്നത്‌. നല്ല പേഴ്‌സണാലിറ്റിയായി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്കും കുടുംബത്തില്‍ ഉള്ള മറ്റ്‌ അംഗങ്ങള്‍ക്കും കഴിയുന്നില്ല എന്ന കാരണത്താല്‍ ഫാഷന്‍ ടിവിയെ പഴിക്കുന്നത്‌ അംഗീകരിക്കത്തക്കതല്ല.

ചോദ്യം: ഞാനും എഫ്‌ ടി വി കാണുന്നയാളാണ്‌. എഫ്‌ ടി വിയില്‍ മിന്നിമറഞ്ഞ്‌ പോവുന്ന ശരീരഭംഗികളില്‍ മാത്രമാണ്‌ എന്റെ കണ്ണുകള്‍ ഉടക്കാറുള്ളത്‌. ഈ ശരീരപ്രദര്‍ശനത്തിന്റെ അതിപ്രസരം സമൂഹത്തില്‍ ചില അശ്ലീല അലകള്‍ ഉയര്‍ത്തുന്നുണ്ടെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കുമോ?

ഡാലു: ശ്ലീലവും അശ്ലീലവും എന്താണെന്ന്‌ നിര്‍വ്വചിക്കാനാവുമോ? ഒരു നിര്‍വ്വചനത്തിന്‌ മുതിരുന്നത്‌ തന്നെ നീണ്ട ചര്‍ച്ച ആവശ്യപ്പെടുന്ന സംഗതിയാണ്‌. നമുക്കത്‌ വിടാം.

എഫ്‌ ടി വിയില്‍ നടക്കുന്നത്‌ വിവിധ തരം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങളാണ്‌. അടിവസ്ത്രങ്ങളുടെ പ്രദര്‍ശനമാവുമ്പോള്‍ അടിവസ്ത്രമിട്ട്‌ പുരുഷനും സ്ത്രീയും പ്രത്യക്ഷപ്പെടും.

കൃത്യമായ ചിട്ടവട്ടങ്ങളോടുകൂടിയ പ്രൊഫഷനാണ്‌ മോഡലിംഗ്‌. ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിന്‌ മാറ്റുകൂട്ടാന്‍ ഫാഷന്‍ പരേഡുകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. കഷ്ടമെന്ന്‌ പറയട്ടെ, മോഡലിന്റെ കയ്യിലുള്ള പ്രൊഡക്റ്റിലല്ല ചിലരുടെ കണ്ണ്‌, പകരം മോഡലിന്റെ ശരീരഭംഗികളിലാണ്‌. ഇതിന്‌ കുറ്റക്കാര്‍ മോഡലുകളാണോ കാണുന്നവരാണോ?


അടുത്ത ഭാഗം - ഫാഷനും കേരളത്തിന്റെ കണ്ണടച്ചിരുട്ടാക്കലും

ഫാഷനും കേരളത്തിന്റെ കണ്ണടച്ചിരുട്ടാക്കലും

FILEFILE
ചോദ്യം: കേരളത്തില്‍ ഇന്‍ഹൗസ്‌ ഫാഷന്‍ ഷോകള്‍ നടത്തിയിട്ടുണ്ടല്ലോ? ഇന്‍ഹൗസ്‌ ഫാഷന്‍ ഷോ എന്താണെന്ന്‌ വിശദീകരിക്കാമോ? എന്തായിരുന്നു കേരളീയരുടെ പ്രതികരണം? ഫാഷന്‍ മേഖലയ്ക്ക്‌ ആശാവഹമായൊരു അന്തരീക്ഷം കേരളത്തിലുണ്ടോ?

ഡാലു: ഉല്‍പ്പന്നം വില്‍ക്കുന്ന ഇടത്തുതന്നെ മോഡലുകള്‍ ഉല്‍പ്പന്നപ്രദര്‍ശനം നടത്തുന്നതിനെ ഇന്‍ഹൗസ്‌ ഫാഷന്‍ ഷോ എന്ന്‌ പറയും. ലോകത്ത്‌ എല്ലായിടത്തും ഇന്‍ഹൗസ്‌ ഫാഷന്‍ ഷോകള്‍ നടക്കുന്നുണ്ട്‌. ഇപ്പോള്‍ കേരളത്തിലും ഈ ട്രെന്‍ഡ്‌ ആരംഭിച്ചിരിക്കുന്നു. കൊച്ചിയിലും കണ്ണൂരിലും ഞാന്‍ ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

ശീമാട്ടിയുടെ ബീനാ കണ്ണന്‍ മുന്‍കൈ എടുത്ത്‌ ശീമാട്ടിയില്‍ ഇന്‍ഹൗസ്‌ ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്ടും ഞാന്‍ ഇന്‍ഹൗസ്‌ ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇന്‍ഹൗസ്‌ ഫാഷന്‍ ഷോകള്‍ വില്‍പ്പനയില്‍ പോസ റ്റീവായ വന്‍ മാറ്റം ഉണ്ടാക്കിയതായി പലരും എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

കേരളത്തില്‍ ആശാവഹമായൊരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ സങ്കുചിതമനോഭാവം വലിയൊരു വിലങ്ങ്‌ തടിയാണ്‌. ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം മോശം ആളുകളാണെന്നാണ്‌ കേരളത്തിലുള്ളവരുടെ ധാരണ. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും എത്രയോ ഭേദം!

ചോദ്യം: സങ്കുചിത മനോഭാവം എന്ന്‌ പറഞ്ഞത്‌ മനസ്സിലായില്ല. ഒന്ന്‌ വിശദീകരിക്കാമോ?

ഡാലു: വിശദീകരിക്കാന്‍ ഞാനാളല്ല. ഞാന്‍ എന്റെയൊരു അനുഭവം പറയാം. അടുത്തിടെ കൊച്ചിയില്‍ ഒരു ഫാഷന്‍ ഷോ നടത്താന്‍ ഞാന്‍ പോവുകയുണ്ടായി. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള മോഡലുകളായിരുന്നു ഷോയ്ക്ക്‌. കൊച്ചിയില്‍ എത്തിയ അവര്‍ക്ക്‌ കായലില്‍ ബോട്ടിംഗ്‌ നടത്താന്‍ ആഗ്രഹം. ഞാന്‍ അവര്‍ക്കായത്‌ ഒരുക്കുകയും ചെയ്‌തു. എന്നാല്‍ ഞങ്ങളെല്ലാവരും ബോട്ടില്‍ കയറാനൊരുങ്ങുമ്പോള്‍ അതാ വരുന്നു പൊലീസ്‌!

ഞങ്ങളെന്തോ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ എത്തിയതാണെന്ന രീതിയിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. കമ്മീഷണറുടെ ഓഫീസില്‍ നിന്ന്‌ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യുന്നതെന്ന്‌ പൊലീസുകാരിലൊരാള്‍ പറഞ്ഞു. ഫാഷന്‍ ഷോയുമായി ബന്ധപ്പെട്ടാണ്‌ ഞങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്നും മോഡലുകളെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരും ആണെന്ന്‌ ഞാന്‍ പറഞ്ഞു.

'പെമ്പിള്ളാരുടെ ഡ്രസ്സ്‌ കണ്ടാല്‍ അതല്ലല്ലോ തോന്നുന്നത്‌' എന്നായി ഒരു പൊലീസുകാരന്‍!

ഇതാണ്‌ പ്രശ്‌നം. ഒരാള്‍ക്ക്‌ സ്വന്തം ഇഷ്ടമനുസരിച്ച്‌ വസ്ത്രം ധരിക്കാനുള്ള അവകാശം പോലും കേരളത്തില്‍ ഇല്ലെന്ന്‌ സാരം. അല്‍പ്പം ഇറുകിയ വസ്ത്രം ധരിച്ചാല്‍ പെണ്‍കുട്ടി പിന്നെ മലയാളിക്ക്‌ പിശകാണ്‌.

ചോദ്യം: അപ്പോള്‍ ഈ സങ്കുചിത മനോഭാവം കേരളക്കരയില്‍ ഫാഷന്‍ മേഖലയെ വേര്‌ പിടിക്കാന്‍ സമ്മതിക്കില്ല എന്നാണോ പറയുന്നത്‌? കൊച്ചിയിലും മറ്റുമൊക്കെ ഫാഷനെ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന പലരെയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ഡാലു: കൊച്ചിയില്‍ മാത്രമല്ല, കോട്ടയത്തും മറ്റും ഫാഷനബിള്‍ ആയി വസ്‌ത്രം ധരിക്കുന്നവരെ കാണാം. എന്നാല്‍ എന്ത്‌ വസ്‌ത്രം ധരിച്ചാലും നമ്മുടെ മനോഭാവം മാറുന്നില്ലല്ലോ? അടിച്ചമര്‍ത്തിവെച്ചിരിക്കുന്ന സെക്‌സ്‌ലൈഫാണ്‌ ഇതിന്‌ കാരണം. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ സംസാരിച്ചാല്‍ നമ്മള്‍ കഥകള്‍ ഉണ്ടാക്കുകയായി. ഫാഷന്‍ പരേഡിനൊക്കെ ഒരു പെണ്‍കുട്ടി പോയാലോ, പിന്നെ കഥകളുടെ പൊടിപൂരമായി!

അടുത്ത ഭാഗം - ഫാഷന്‍ മേഖലയിലെ മിന്നും താരങ്ങള്‍

ഫാഷന്‍ മേഖലയിലെ മിന്നും താരങ്ങള്‍

FILEFILE
ചോദ്യം: സത്യാ പോള്‍, റിതു ഭേരി, ഹേമന്ത്‌ ത്രിവേദി തുടങ്ങി ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട ചിലരുടെയൊക്കെ പേരുകള്‍ ഇടയ്ക്കിടെ പത്രമാധ്യമങ്ങളില്‍ പരാമര്‍ശിച്ച്‌ കാണാറുണ്ട്‌. ആരൊക്കെയാണ്‌ മോഡലിംഗ്‌ മേഖലയിലെ മിന്നും താരങ്ങള്‍? കേരളത്തില്‍ നിന്ന്‌ ഫാഷന്‍ ഷോ മേഖലയില്‍ എത്തിയിട്ടുള്ളവര്‍ ആരൊക്കെ?

ഡാലു: ദക്ഷിണേന്ത്യയിലെ ഫാഷന്‍ രംഗം എടുക്കുകയാണെങ്കില്‍ പെട്ടെന്ന്‌ ഓര്‍മ്മ വരുന്ന പേരുകള്‍ സിമ്രാന്‍ (ഈ സിമ്രാന്‍ നടി സിമ്രാന്‍ അല്ല), ലീന, മേധ എന്നിവരുടെയാണ്‌. പുരുഷന്മാരില്‍ ഹേമന്ത്‌, അഭിഷേക്‌ എന്നിവരാണ്‌ പ്രമുഖര്‍. ദൗര്‍ഭാഗ്യകരം എന്ന്‌ പറയട്ടെ. ഇവരില്‍ ഒരാള്‍ പോലും മലയാളിയല്ല. കൊച്ചിയില്‍ നിന്നുള്ള ഒരു മരീറ്റ ഫാഷന്‍ ഷോകളില്‍ സജീവമായിരുന്നു. വിവാഹശേഷം ഈ കുട്ടി ഫാഷന്‍ മേഖലയില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയാണ്‌.

ഞാന്‍ നേരത്തെ പറഞ്ഞ സങ്കുചിത മനോഭാവത്തിന്റെ പ്രശ്‌നം തന്നെയാണ്‌ ഫാഷന്‍ ലോകത്ത്‌ മലയാളി പെണ്‍കൊടികള്‍ ഇല്ലാതിരിക്കുന്നതിന്റെ കാരണവും. സ്വന്തം ശരീരം സംരക്ഷിക്കാനുള്ള തന്റേടവുമായാണ്‌ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഫാഷന്‍ മേഖല ഒരു പ്രൊഫഷനായി സ്വീകരിക്കുന്നത്‌. നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ ഈ തന്റേടം എന്തെന്ന്‌ അറിയില്ല. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അകമ്പടിയോടെയാണ്‌ നമ്മുടെ പെണ്‍കുട്ടികള്‍ ഫാഷന്‍ ഷോകള്‍ക്കെത്തുക. തന്റേടമില്ലാത്തതിനാല്‍ ദൂഷിതവലയങ്ങളില്‍ പെട്ടുപോവുന്നതും പതിവാണ്‌.

ചോദ്യം: ഫാഷന്‍ കോറിയോഗ്രഫി രംഗത്തെ പ്രമുഖര്‍ ആരൊക്കെ? ഇവിടെയും മലയാളി സാന്നിധ്യം ഇല്ലേ?

ഉത്തരം: ഭാഗ്യവശാല്‍ ഈ മേഖലയില്‍ ഒരുപാട്‌ മലയാളികളുണ്ട്‌. ദക്ഷിണേന്ത്യന്‍ ഫാഷന്‍ കൊറിയോഗ്രഫര്‍മാരില്‍ വിജയക്കൊടി പാറിക്കുന്നത്‌ മലയാളികള്‍ തന്നെ. ഈ മേഖലയില്‍ താരങ്ങള്‍ പ്രസാദ്‌ ബിത്തപ്പ, കൗസിഘോഷ്‌, സുനില്‍ മേനോന്‍ എന്നിവരാണ്‌.

ചോദ്യം: ഫാഷന്‍ രംഗത്ത്‌ നിന്ന്‌ സിനിമാ രംഗത്ത്‌ എത്തിയിട്ടുള്ളവര്‍ ആരൊക്കെ?

ഡാലു: ഒരുപാട്‌ പേര്‍ മോഡലിംഗ്‌ രംഗത്തുനിന്ന്‌ സിനിമാരംഗത്ത്‌ എത്തിയവരാണ്‌. അസിനും ത്രിഷയുമൊക്കെ ഉദാഹരണങ്ങള്‍ മാത്രം. ഞാനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മോഡലുകളായ ഹേമന്തും മൈക്കിള്‍ പ്രദീപുമൊക്കെ ഈ നിരയിലെ അവസാന കണ്ണികളാണ്‌.

അടുത്ത ഭാഗം - നിങ്ങള്‍ക്കുമാവണോ ഫാഷന്‍ മോഡല്‍?


നിങ്ങള്‍ക്കുമാവണോ ഫാഷന്‍ മോഡല്‍?

FILEFILE
ചോദ്യം: ഡല്‍ ഹിയിലും മുംബൈയിലുമൊക്കെ സര്‍ക്കാര്‍ അംഗീകാരമുള്ള ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഉള്ളതായി അറിയാം. ചോദിക്കട്ടെ, സത്യത്തില്‍ ഒരു തുടക്കക്കാരന്‌ അല്ലെങ്കില്‍ തുടക്കക്കാരിക്ക്‌ എത്ര രൂപാ ശമ്പളം ലഭിക്കും?

ഡാലു: എന്‍ എഫ്‌ ഐ ടി, എന്‍ എഫ്‌ ഐ ഡി പോലുള്ള സ്ഥാപനങ്ങളെയാവും നിങ്ങള്‍ ഉദ്ദേശിച്ചത്‌. ഇത്തരം സ്ഥാപനങ്ങളില്‍ ഫാഷന്‍ ഡിസൈനിംഗാണ്‌ പഠിപ്പിക്കുന്നത്‌, മോഡലിംഗല്ല. ഇവിടെ നിന്ന്‌ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ മുപ്പതിനായിരം രൂപയില്‍ കുറയാത്ത തുടക്കശമ്പളം കിട്ടുന്നുണ്ടെന്നാണ്‌ ഞാന്‍ അറിയുന്നത്‌.

നിരാശപ്പെടേണ്ട! നിങ്ങള്‍ക്ക്‌ മോഡലാവണമെങ്കില്‍ അതിനുമുണ്ട്‌ സ്ഥാപനങ്ങള്‍. പത്മിനി കൊലാപുരി നടത്തുന്ന ഒരുഗ്രന്‍ മോഡലിംഗ്‌ സ്ഥാപനമുണ്ട്‌. ചെന്നൈയില്‍ മോഡല്‍ ബ്രൈറ്റ്‌ ഫ്യൂച്ചര്‍ എന്നൊരു സ്ഥാപനമുണ്ട്‌. ഇവരൊക്കെയും ഫാഷന്‍ ഡിസൈനിംഗിനും ഉപരിയായി മോഡലിംഗ്‌ മേഖലയില്‍ കോഴ്‌സുകള്‍ നടത്തുന്നവരാണ്‌.

ചോദ്യം: ഏകദേശം എത്ര രൂപയാവും ഈ സ്ഥാപനങ്ങളില്‍ നിന്ന്‌ ഒരു സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങാന്‍? ഈ സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റ്‌ മാത്രമുണ്ടായാല്‍ ഫാഷന്‍ മോഡലിംഗില്‍ നിലയുറപ്പിക്കാന്‍ സാധിക്കുമോ? ഉയരം, തടി, നിറം, സൗന്ദര്യം, ശരീര അളവിന്റെ അനുപാതം എന്നീ ഘടകങ്ങളില്ലാതെ തന്നെ മോഡലിംഗില്‍ നിലയുറപ്പിക്കാന്‍ സാധിക്കില്ലേ?

ഡാലു: ഒരുലക്ഷം രൂപയോളം മുടക്കിയാല്‍ ഞാന്‍ മുമ്പ്‌ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന്‌ പഠിച്ചിറങ്ങാം. മോഡലിംഗില്‍ വിജയഗാഥ രചിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ്‌ ചിലപ്പോള്‍ മതിയാകില്ല. ചിലരുടെ കാര്യത്തിലാവട്ടെ, ഈ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ തന്നെ മോഡലിംഗില്‍ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞെന്നും വരും.

ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്ന മോഡലുകള്‍ക്ക്‌ ഒരു നിശ്ചിത ഉയരം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അഞ്ചടി അഞ്ചിഞ്ച്‌ തൊട്ട്‌ അഞ്ചടി ആറിഞ്ച്‌ വരെ ഉയരമുള്ളവരായിരിക്കണം പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍ക്കാവട്ടെ ആറടിയെങ്കിലും ഉയരം വേണം. പെണ്‍കുട്ടികളുടെ ശരീര അളവുകളുടെ റേഷ്യോ 32:24:36 അല്ലെങ്കില്‍ 34:26:38 ആവുന്നത്‌ അഭികാമ്യം. ആണ്‍കുട്ടികളുടെ അരക്കെട്ട്‌ 30 തൊട്ട്‌ 32 വരെ ആവാം എന്നാണ്‌ പറയുക.

ഇപ്പറഞ്ഞതൊക്കെ പ്രാഥമികകാര്യങ്ങളേ ആവുന്നുള്ളൂ. മോഡലിന്റെ താളബോധം, ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള കഴിവ്‌, ഇന്‍ട്രാപേഴ്‌സണല്‍ മികവുകള്‍ എന്നിവയൊക്കെയും മോഡലിംഗില്‍ പ്ലസ്സ്‌ പോയിന്റുകളാണ്‌.

ചോദ്യം: മിസ്സ്‌ സൗത്ത്‌ ഇന്ത്യാ, ചെന്നൈ സൂപ്പര്‍ മോഡല്‍, മിസ്സ്‌ എലഗന്‍സ്‌, ക്വീന്‍ ഓഫ്‌ ചെന്നൈ, ടോപ്പ്‌ ടെന്‍ സൂപ്പര്‍ മോഡല്‍, മിസ്സ്‌ ആന്ധ്രാപ്രദേശ്‌ തുടങ്ങിയ ബ്യൂട്ടീ കണ്ടെസ്റ്റുകള്‍, എന്‍ എഫ്‌ ഐ ടിയില്‍ നടത്തിയ ഷോ, റെയ്‌മണ്ട്‌സ്‌, കിംഗ്‌ ഫിഷര്‍, ടി വി എസ്‌, ബജാജ്‌ എന്നീ കമ്പനികളുടെ പ്രൊഡക്റ്റ്‌ ലോഞ്ചുകള്‍..... ഫാഷന്‍ കൊറിയോഗ്രഫിയില്‍ എത്തിപ്പിടിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിയിരിക്കുകയാണല്ലോ ഡാലു. അഭിമുഖം അവസാനിപ്പിക്കുന്നതിന്‌ മുമ്പ്‌ ഒരു ചോദ്യം കൂടി. എന്താണ്‌ ഡാലുവിന്റെ ഡ്രീം പ്രൊജക്റ്റ്‌?

ഡാലു: അന്താരാഷ്ട്ര നിലവാരമുള്ളൊരു മോഡലിംഗ്‌ സ്ഥാപനം സ്ഥാപിക്കണമെന്നാണ്‌ എന്റെ സ്വപ്നം.