ജമൈക്കയും ബഹാമസും കാത്തിരിക്കണം

Webdunia
തിങ്കള്‍, 4 ഓഗസ്റ്റ് 2008 (17:17 IST)
ജമൈക്കയും ബഹാമസും മെഡലിനായുള്ള പുതിയ അവകാശം ഉയര്‍ത്തി കാത്തിരിക്കുകയാണ്. സിഡ്നി 2000 ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ റിലേ ടീമിനെ ഉത്തേജകമരുന്നുമായി ബന്ധപ്പെട്ട് പിടികൂടിയതിനെ തുടര്‍ന്നാണ് മെഡല്‍ പട്ടികയില്‍ പുതിയ അവകാശികളായി ബഹാമസും ജമൈക്കയും കടന്നു വരുന്നത്.

നിരോധിത മരുന്നിനു പിടിയിലായ അന്‍റോണിയോ പെറ്റിഗ്രൂ ഉള്‍പ്പെട്ടു എന്ന പേരില്‍ 2000 സിഡ്നി ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അയോഗ്യരാക്കി. മുന്‍ 400 മീറ്റര്‍ ചാമ്പ്യനായിരുന്ന പെറ്റിഗ്രൂ ട്രയല്‍ സമയത്ത് പരിശീലകന്‍ ട്രെവര്‍ ഗ്രെഹാമിനൊപ്പം മത്സരഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള മരുന്നുകള്‍ ആ വര്‍ഷം തുടര്‍ച്ചയായി കഴിച്ചു എന്നതാണ് ആരോപണം.

എന്നാല്‍ മെഡല്‍ തിരിച്ചു വാങ്ങുന്നത് താല്‍ക്കാലികമായി തടഞ്ഞു വച്ചിരിക്കുകയാണ് ഐ ഒ സി. ഈ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാര്‍ നൈജീരിയയും മൂന്നാം സ്ഥാനക്കാര്‍ ജമൈക്കയുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ നൈജീരിയയ്‌ക്ക് സ്വര്‍ണ്ണം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ ജമൈക്ക വെള്ളി മെഡലിനും ബഹാമസ് വെങ്കലത്തിനും അര്‍ഹരാകും.

എന്നാല്‍ ഇക്കാര്യത്തില്‍ മെഡല്‍ തീരുമാനം അന്തിമമായി വരുന്നതിനു മുമ്പ് അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് ഐ ഒ സി വക്താക്കള്‍ വ്യക്തമാക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ബാല്‍കോ ലബോറട്ടറിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകേണ്ടി വരും. എട്ട് മാസത്തിനിടയില്‍ സിഡ്നി ഒളിമ്പിക്സുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്ക് നഷ്ടമാകുന്ന ആറാമത്തെ മെഡലാണിത്. നേരത്തെ മരിയന്‍ ജോണ്‍സും തോം‌സണും മെഡലുകള്‍ തിരിച്ചു നല്‍കിയിരുന്നു.