ജയലളിതയുടെ വിയോഗത്താല്‍ തമിഴ്നാട് തേങ്ങുന്ന സമയമാണിത്. എല്ലാവരും പറയുന്നത് ജയലളിതയെക്കുറിച്ച്. എല്ലാവരും എഴുതുന്നതും ജയലളിതയെക്കുറിച്ച്. എവിടെയും ചര്‍ച്ചാവിഷയം ജയലളിത.
ജയലളിതയെക്കുറിച്ച് ഒരു തമിഴ് മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ എഴുതിയ അനുഭവകഥ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തനിക്ക് ഉണ്ടായ ‘ജയലളിത അനുഭവം’ ആണ് ആ മാധ്യമപ്രവര്‍ത്തക വിവരിക്കുന്നത്.
തമിഴ്നാടിനെ ചൂടുപിടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരു ദിവസം ജയലളിതയുടെ വാക്കുകള്‍ പകര്‍ത്താനായി ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കി നില്‍ക്കുകയായിരുന്നു. ജയലളിതയുടെ കാര്‍ വന്നുനിന്നയുടന്‍ എല്ലാവര്‍ക്കുമൊപ്പം ഞാനും തിരക്കുകൂട്ടി അവര്‍ക്കടുത്തേക്ക് ഓടിച്ചെന്നു. അപ്പോള്‍ എന്റെ അടിവയറ്റില്‍ ഒരു വലിയ വേദന അനുഭവപ്പെട്ടു.
എന്താണ് അതെന്ന് എനിക്കാദ്യം മനസിലായില്ല. കാറിന് കീഴില്‍ അമര്‍ന്നിരുന്ന അവരുടെ സെക്യൂരിറ്റി ഗാര്‍ഡുകളില്‍ ആരോ ഒരാള്‍ എന്നോട് മോശമായി പെരുമാറുകയായിരുന്നു എന്നെനിക്ക് പിന്നീട് മനസിലായി. എന്നാല്‍ അത് ആരാണെന്ന് കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകി. വേദന സഹിച്ച് ഞാന്‍ ആരോടും അതേപ്പറ്റി ഒരക്ഷരം പോലും പറയാതെ നിന്നു.
പ്രചരണം കഴിഞ്ഞ് ജയലളിത മടങ്ങിപ്പോയി. വേദനയോടെ നിന്ന എന്നെ സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കി. അന്നുരാത്രി 11 മണിക്ക് എനിക്കൊരു ഫോണ്‍ വന്നു. ജയലളിതയുടെ ഓഫീസില്‍ നിന്നായിരുന്നു അത്. ‘ഇന്ന് പ്രചരണ സമയത്ത് നിങ്ങള്‍ കരഞ്ഞത് എന്തിനാണെന്ന് അമ്മ ചോദിച്ചു’ എന്നായിരുന്നു അയാള്‍ പറഞ്ഞത്.
ഞാന്‍ അവിടെ നടന്നതൊക്കെ അയാളോട് വിവരിച്ചു. അടുത്ത ദിവസം വീണ്ടും എനിക്കൊരു ഫോണ്‍കോള്‍ വന്നു. അന്ന് പ്രചരണ സമയത്ത് ഉണ്ടായിരുന്ന 30 സെക്യൂരിറ്റി ജീവനക്കാരെയും അമ്മ ശാസിച്ചു എന്ന് ഫോണ്‍ ചെയ്തയാള്‍ അറിയിച്ചു. എന്നാല്‍ ആരാണ് മോശമായി പെരുമാറിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അയാള്‍ അറിയിച്ചു. അതിന് ശേഷം അയാള്‍, ഒരു നിമിഷം വെയിറ്റ് ചെയ്യൂ എന്നുപറഞ്ഞ് ഫോണ്‍ മറ്റാര്‍ക്കോ കണക്ട് ചെയ്തു.
‘ഹലോ’ എന്ന ഒരു സ്ത്രീശബ്ദമാണ് പിന്നീട് എന്റെ കാതുകളില്‍ എത്തിയത്. എനിക്ക് വിശ്വസിക്കാനായില്ല, അത് സാക്ഷാല്‍ ജയലളിതയായിരുന്നു. ഒരുനിമിഷം ഞാന്‍ നിശബ്ദയായി.
“എന്താണ് ഒന്നും മിണ്ടാത്തത്?” എന്നായി അപ്പോള്‍ ജയലളിതയുടെ ചോദ്യം. “ഞങ്ങള്‍ സാധാരണക്കാരോടൊക്കെ അമ്മ സംസാരിക്കുമോ?” എന്ന് ഞാന്‍ ചോദിച്ചു.
“ഞാന്‍ സാധാരണക്കാരോടൊന്നും സംസാരിക്കില്ല എന്ന് നീ കരുതുന്നുണ്ടോ?” എന്നായി അമ്മയുടെ മറുചോദ്യം. “നീ ഒരു യുവ മാധ്യമപ്രവര്‍ത്തകയാണ്. ഇങ്ങനെ തകര്‍ന്നുപോകരുത്. ജീവിതത്തില്‍ എന്തൊക്കെ തടസങ്ങള്‍ വന്നാലും അതിനെ മറികടന്ന് മുന്നേറണം” എന്നൊക്കെ പറഞ്ഞ് അന്ന് ജയലളിത എന്നെ ആശ്വസിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാല്‍ ഇപ്പോള്‍ ഫോണ്‍ വയ്ക്കുകയാണെന്നും പിന്നീട് സംസാരിക്കാമെന്നും താന്‍ പറഞ്ഞതെല്ലാം ഓര്മ്മയിലിരിക്കണമെന്നും പറഞ്ഞാണ് അമ്മ അന്ന് ഫോണ്‍ വച്ചത്.