തമിഴ് ജനതയ്‌ക്ക് ജയലളിതയുടെ മരണം ഉള്‍കൊള്ളാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് ദ്രാവിഡ രാഷ്‌ട്രീയത്തിലെ ഏറ്റവും ശക്തയായ നേതാവെന്ന് പേരെടുത്ത ജയ അന്തരിച്ചത് ഡിസംബര്‍ അഞ്ചിനാണ്. കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്‌റ്റംബര്‍ 22നാണ് അവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിത മരിക്കുന്നതുവരെ അവരുടെ രോഗം എന്തെന്ന് വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. പല തവണ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും പനിയും നിര്‍ജ്ജലീകരണവുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ശ്വാസകോശത്തില്‍ അണുബാധയാണെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ജയലളിതയുടെ മരണത്തിന് ശേഷം വിക്കിപീഡിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് സെപ്‌റ്റിസെമിയ എന്ന രോഗാവസ്ഥയായിരുന്നു ജയലളിതയ്‌ക്കെന്നാണ് കാണിക്കുന്നത്.
മരണദൂതനായി സെപ്‌റ്റിസെമിയ
രക്‍തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍ വിഷബാധയുണ്ടാകുന്ന അവസ്‌ഥയാണ് സെപ്‌റ്റിസെമിയ. അതായത് രക്‍തത്തിലേക്ക് പലമാർഗങ്ങളിലൂടെ അണുക്കൾ എത്തുന്നതാണ് ഈ അവസ്‌ഥയ്‌ക്ക് കാരണം. മതിയായ ചികിത്സ ലഭിച്ചാല്‍ പോലും മരണം സംഭവിക്കാവുന്ന ഗുരുതരമായ രോഗമെന്ന് വ്യക്തം. രക്തത്തിലൂടെ പടരുന്ന ഇത് പതുക്കെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ബാധിക്കും. കിഡ്‌നി, മൂത്രനാളം, അടിവയറിൽ ഉണ്ടാകുന്ന അണുബാധകൾ, ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന ന്യൂമോണിയ എന്നിവയെല്ലാം സെപ്റ്റീസിമിയയിലേക്ക് നയിക്കാം.
സെപ്‌റ്റിസെമിയ എന്ന രക്താണുബാധ ശരീരത്തില്‍ എത്തുന്നതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഗുരുതരമായ മുറിവുകള്‍, വാർദ്ധക്യം അല്ലെങ്കിൽ തീരെ കുഞ്ഞായിരിക്കുക, ബ്ലഡ് കാന്‍സര്‍ അല്ലെങ്കില്‍ എച്ച് ഐ വി, സ്‌റ്റിറോയിഡ് കുത്തിവയ്‌ക്കല്‍, കീമോതെറാപ്പി എന്നിവയാണ് അവ.
ശക്തമായ പനിയും നിര്‍ജ്ജലീകരണവും, ശ്വാസതടസം, ഹൃദയമിടുപ്പ് വര്‍ദ്ധിക്കുക എന്നിവയാണ് സെപ്‌റ്റിസെമിയ മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണം. ഇതോടെ ആരോഗ്യം നശിക്കുകയും രക്‍തയോട്ടം കുറയുകയും ചെയ്യും. ഓര്‍മ്മ ശക്തി നശിക്കുന്നതിനൊപ്പം ഛർദ്ദിയും രോഗിയെ വലയ്‌ക്കും. ശരീരത്തില്‍ ചുവന്ന ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ സാഹചര്യം ഏറ്റവും ഗുരുതരമാണ്. ഇതോടെ രോഗാവസ്ഥയില്‍ മാറ്റം സംഭവിക്കുകയും സെപിസിസ് എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് രോഗി കടക്കുകയും ചെയ്യും. സൂക്‌ഷമായി നിരീക്ഷിച്ചാൽ മെഡിക്കൽ ബുള്ളറ്റിനുകളിൽ നിന്ന് ഈ അവസ്ഥകളിലൂടെ കടന്നുപോയിരുന്നു എന്ന് മനസിലാക്കം.
സെപ്‌റ്റിസെമിയ മൂർച്ഛിച്ചാൽ അത് സെപിസിസ് എന്ന അവസ്ഥയിലേക്ക് കടക്കും. രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതാകും. അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ തുടങ്ങുകയും ശരീരത്തിന് വ്യാപകമായ വീക്കമുണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കാര്‍ഡിയാക് അറസ്‌റ്റിന് സാധ്യത കൂടുതലാണ്. സെപിസിസ് എന്ന അവസ്ഥയിലേക്ക് കടന്നാൽ രോഗിയെ രക്ഷിക്കാൻ ഇസിഎംഒ (എക്‍സ്‌ട്രാ കോര്‍പേറിയല്‍ മെംബ്രയ്‌ന്‍ ഓക്‍സിജനേഷന്‍) നല്‍കുകയാണ് ഡോക്‌ടർമാർ സ്വീകരിക്കുന്ന മാർഗം. കാർഡിയോവാസ്‌കുലാർ പ്രതികരണം സെപിസിസ് അവസ്ഥയിൽ എത്തിയവരിൽ വളരെ ദുർബലമായിരിക്കും.
രക്തത്തില്‍ ഓക്‍സിജന്‍ അളവ് കുറയുമ്പോഴും ശ്വാസകോശം വഴി ഓക്‍സിജന്‍ സ്വീകരിക്കുന്നതിന് വിഷമം നേരിടുമ്പോഴുമാണ് ഇസിഎംഒ അഥവാ എക്ക്മോ ഏര്‍പ്പെടുത്തുന്നത്. രക്‍തത്തിലെ ഓക്‍സിജന്റെ അളവ് നിലര്‍ത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമം മാത്രമാണിത്.
ഹൃദയവും ശ്വാസകോശവുമുള്‍പ്പെടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഇസിഎംഒയുടെ സഹായം തേടുന്നത്. ഇസിഎംഒ ഉപയോഗിച്ച് ഓക്‍സിജന്‍ ഉള്ള രക്തം ശരീരകലകളിലേക്കും മറ്റ് അവയവങ്ങളിലേക്കും എത്തിക്കാനാകുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനവും പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനവും നടക്കും. യഥാര്‍ഥത്തില്‍ മസ്‌തിഷ്‌ക മരണം ഒഴിവാക്കിയിരിക്കുന്നു എന്നുമാത്രം. അതേസമയം കാര്‍ഡിയാക് അറസ്‌റ്റ് സംഭവിച്ച ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ശ്വാസകോശത്തിലൂടെ ഓക്‍സിജന്‍ ശരീരത്തിലേക്ക് എത്തിത്തുടങ്ങുകയും ചെയ്‌താല്‍ ഈ ഉപകരണം നീക്കം ചെയ്‌ത് രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കും. ചെറിയ സാധ്യത മാത്രമാണ് ഇതിനുള്ളത്.
ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നു പോയ ശേഷമാണ് ജയലളിതയ്‌ക്ക് മരണം സംഭവിച്ചിരിക്കുന്നത്. ശക്തമായ പനിയും നിര്‍ജ്ജലീകരണവും മൂലമാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് ശ്വാസകോശത്തില്‍ അണുബാധയുണ്ടാകുകയും രോഗം ഗുരുതരമാകുകയും ചെയ്‌തു. വിക്കിപീഡിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം സെപ്‌റ്റിസെമിയ എന്ന ബാക്‍ടീരിയ ശരീരത്തില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞാലുണ്ടാകുന്ന രോഗാവസ്ഥയിലൂടെയെല്ലാം ജയ കടന്നു പോയി.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതിപാദിക്കുന്ന രേഖകളോ, അവർ സ്വീകരിച്ചിരുന്ന മരുനന്നുകളോ ഇതുവരെ പുറത്തുവിടാൻ ആശുപത്രി അധികൃതരും തയ്യാറായിട്ടില്ല. ശരിയായ റിപ്പോർട്ട് ആശുപത്രി പുറത്തുവിട്ടില്ലായെങ്കിൽ, ജീവിതം എന്ന പോലെ ജയലളിതയുടെ മരണവും ദുരൂഹമായി തുടരും.