‘ബോല്‍ നാ ആണ്ടി ഓ ക്യാ’ എന്ന ഗാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി. ദ ക്വിന്റിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണികള്‍
ലഭിച്ചത്. തന്നെ ഗൗരി ലങ്കേഷിനെപ്പോലെ കൊലപ്പെടുത്തുമെന്നാണ് യുവതിയ്ക്ക് വന്ന ഭീഷണി.
‘ബോല്‍ നാ ആണ്ടി ഔ ക്യാ’ എന്ന ഗാനം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും ഹിറ്റായിരുന്നു. ഓം പ്രകാശ് മിശ്ര തയ്യാറാക്കിയ ഈ ഗാനം തികച്ചും അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഭീഷണി നേരിടേണ്ടിവന്നത്. ഭീഷണിയെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ വിഷയം സൈബര്‍ സെല്‍ അന്വേഷിക്കുമെന്ന് നോയിഡ സിറ്റി പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിങ് പറഞ്ഞു. ഈ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയുള്ള ആക്രമണം വന്നത്.
പ്രധാനമന്ത്രിയെയും, ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിക്കുന്നവരെ ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചതുപോലെ അവസാനിപ്പിക്കും എന്നാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് ലഭിച്ച ഭീഷണി. എന്നാല്‍
ആ ഗാനം കോപ്പി റൈറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നീക്കം ചെയ്തതെന്നും അതില്‍ ക്വിന്റ് റിപ്പോര്‍ട്ടിന് യാതൊരു പങ്കുമില്ലെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.