അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കനത്ത തിരിച്ചടി. ശശികലയ്ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിച്ച വിചാരണക്കോടതി വിധി ശരിവച്ചിരിക്കുകയാണ് സുപ്രീം കോടതി. ഹൈക്കോടതി വിധി റദ്ദാക്കിയ കോടതി എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. ശശികല ജയലളിതയുടെ ബിനാമിയായി പ്രവര്‍ത്തിച്ചു എന്ന് കോടതി വിലയിരുത്തി.
അതേസമയം, ഇപ്പോള്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം എല്‍ എമാര്‍ക്കൊപ്പമാണ് ശശികല. വിധി അറിഞ്ഞതോടെ അവര്‍ പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. താനില്ലെങ്കിലും തനിക്ക് പകരം വരുന്നയാളെ പിന്തുണയ്ക്കണമെന്ന് എം എല്‍ എമാരോട് ശശികല ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അവിടെയിരുന്നുകൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഇപ്പോള്‍ തമ്പി ദുരൈ, സെങ്കോട്ടൈയന്‍ എന്നിവരുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ശശികല എന്ന് കീഴടങ്ങണമെന്നും പകരം നേതാവ് ആരായിരിക്കണമെന്നതും ചര്‍ച്ചയില്‍ സജീവ വിഷയമാണ്. അതോടൊപ്പം എം എല്‍ എമാരെ കൂടെനിര്‍ത്തുക എന്ന ശ്രമകരമായ ജോലിയും ശശികല ക്യാമ്പിനുണ്ട്.
ശശികലയുടെ രാഷ്ട്രീയഭാവി ഇതോടെ അവസാനിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നാലുവര്‍ഷം തടവ് എന്നുപറയുമ്പോള്‍ തന്നെ അതിന് ശേഷം ഏതാണ്ട് ആറുവര്‍ഷത്തോളം ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാവും. അതായത് ശശികല എന്ന നേതാവിന് പത്തുവര്‍ഷമാണ് അക്ഷരാര്‍ത്ഥത്തില്‍ നഷ്ടമാകാന്‍ പോകുന്നത്. എന്നാല്‍ നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ച കാലയളവ് ഇതില്‍ നിന്ന് കുറയും.
ശശികലയ്ക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാണിച്ചാല്‍ തന്നെ അത് ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.