മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (09:18 IST)
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് അനിത വിജയിച്ചത്. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.
 
പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 700ല്‍ 86 മാര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ.  സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തത്.
 
മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അനിതയ്ക്ക് എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത് അനിതയെ കടുത്ത നിരാശയിലും മാനസിക വിഷമത്തിലുമാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
 
നീറ്റ് പരിഷ്‌കാരത്തില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെങ്കിലും നീറ്റ് യോഗ്യത അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് ഓഗസ്ത് 22നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്തംബര്‍ നാലിനകം പ്രവേശനം പൂര്‍ത്തീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Next Article